ന്യൂദല്‍ഹി: സ്വര്‍ണത്തിന്റെയും  പ്ലാറ്റിനത്തിന്റെയും ഇറക്കുമതിച്ചുങ്കത്തില്‍ വര്‍ധന. നാല് ശതമാനത്തില്‍ നിന്ന് ആറായാണ് കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയത്.

Ads By Google

തീരുവ കൂട്ടിയതോടെ  സ്വര്‍ണ വില പവന് 480 രൂപ കൂടാമെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടി . 10 ഗ്രാം തങ്കത്തിന്റെ വിലയില്‍ 1837 രൂപ കൂടാം. സ്വര്‍ണത്തിന്റെ ഉപയോഗം കുറയ്ക്കാനും ഇറക്കുമതി വെട്ടിച്ചുരുക്കാനും ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നടപടിയെന്നാണ് അറിയുന്നത്.

5620 കോടി ഡോളറിന്റെ സ്വര്‍ണമാണ് 2012ല്‍ രാജ്യത്ത് ഇറക്കുമതി ചെയ്തത്. വര്‍ധിച്ച തോതിലുള്ള സ്വര്‍ണ ഇറക്കുമതി സമ്പദ്രംഗത്ത് പ്രശ്‌നം സൃഷ്ടിക്കുമെന്നും ഇത് തടയാന്‍ തീരുവ വര്‍ധിപ്പിക്കേണ്ടിവരുമെന്നും ധനമന്ത്രി പി. ചിദംബരം ഈയിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. തീരുവ വര്‍ധിപ്പിച്ച നടപടി നിലവിലെ ധനക്കമ്മി കുറക്കാന്‍ വഴിയൊരുക്കുമെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി

ഇതിന് പുറമെ അടവുശിഷ്ട നില വ്യക്തമാക്കുന്ന കറന്റ് അക്കൗണ്ട് കമ്മി ഗണ്യമായി വര്‍ധിച്ചതും ഈ നടപടിക്ക് കാരണമായി.

രാജ്യത്തിന്റെ കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള വ്യത്യാസമാണ് കറന്റ് അക്കൗണ്ട് കമ്മി . മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് ഗോള്‍ഡ് എക്‌സ്‌ചേഞ്ച്് ട്രേഡഡ് ഫണ്ടിലൂടെ  സ്വര്‍ണ നിക്ഷേപം നടത്താനും സാധാരണ ജനങ്ങള്‍ക്ക് ബാങ്കുകളില്‍ സ്വര്‍ണനിക്ഷേപം നടത്താനും സൗകര്യമുണ്ടാക്കും. ചുങ്കം ഉയര്‍ത്തിയതു വഴി സ്വര്‍ണം  ഇറക്കുമതിക്ക് ഗ്രാമിന് 60 രൂപ മുതല്‍ 75 രൂപ വരെ തീരുവ വര്‍ധിക്കും.

അതേസമയം തീരുവ വര്‍ധന കളളക്കടത്തിനും ഹവാല ഇടപാടുകള്‍ക്കുമുള്ള സാധ്യത കൂട്ടുമെന്ന് വിപണി വൃത്തങ്ങള്‍ ആശങ്കപ്പെടുന്നു.

അതേസമയം തീരുവ വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് ഗ്രാമിന് 60 മുതല്‍ 80 രൂപയുടെ വരെ വര്‍ധനവുണ്ടാകുമെന്ന് പ്രമുഖ സ്വര്‍ണ വ്യാപാരികള്‍ സൂചന നല്‍കി. ഉപയോഗം കുറക്കുകയാണ് ലക്ഷ്യമെങ്കിലും ഇത് ഉദ്ദേശിക്കുന്ന ഫലം ചെയ്യില്ലെന്ന സൂചനയും വ്യാപാരികള്‍ നല്‍കുന്നു.