കൊച്ചി: സ്വര്‍ണവില പവന് 40 രൂപ കുറഞ്ഞ് 22,040 രൂപയായി. ഗ്രാമിന് പത്തു രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 2,755 രൂപ നിരക്കിലാണ് ഇന്നു വ്യാപാരം പുരോഗമിക്കുന്നത്. [innerad]

രാജ്യാന്തര വിപണിയില്‍ വിലയിലുണ്ടായ കുറവാണ് ആഭ്യന്തര വിപണിയിലും വില കുറയാന്‍ കാരണമായത്. ഇന്നലെ പവന് 120 രൂപ കുറഞ്ഞിരുന്നു.

പവന് 22,120 രൂപയിലാണ് ഈ മാസം സ്വര്‍ണ വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ നവംബറില്‍ 24,240 രൂപ നിരക്കിലെത്തിയതാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില.

ഈ വര്‍ഷം തുടക്കത്തില്‍ സ്വര്‍ണത്തിന്റെ ആവശ്യത്തില്‍ എട്ട് ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. ഇറക്കുമതി ചുങ്കം വഴി  സ്വര്‍ണ്ണം ഇറക്കുമതിക്ക് ഗ്രാമിന് 60 രൂപ മുതല്‍ 75 രൂപ വരെ തീരുവ വര്‍ദ്ധിക്കും.  5620 കോടി ഡോളറിന്റെ സ്വര്‍ണ്ണമാണ് കഴിഞ്ഞ വര്‍ഷം മാത്രം  രാജ്യത്ത് ഇറക്കുമതി ചെയ്തത്.

വര്‍ധിച്ച തോതിലുള്ള സ്വര്‍ണ്ണ ഇറക്കുമതി  സമ്പദ്‌രംഗത്ത് പ്രശ്‌നം സൃഷ്ടിക്കുമെന്നും ഇത് തടയാന്‍ തീരുവ വര്‍ധിപ്പിക്കേണ്ടിവരുമെന്നും ധനമന്ത്രി പി. ചിദംബരം ഈയിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

തീരുവ വര്‍ധിപ്പിച്ച നടപടി നിലവിലെ ധനക്കമ്മി കുറക്കാന്‍ വഴിയൊരുക്കുമെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

സുരക്ഷിത നിക്ഷേപമാര്‍ഗമായി  അംഗീകരിക്കപ്പെട്ടിട്ടുളളതാണ് സ്വര്‍ണത്തിന് ഇടക്കിടെ വിലയില്‍ മാറ്റമുണ്ടാകാനുള്ള കാരണമായി സാമ്പത്തിക വിദഗ്ദര്‍ പറയുന്നത്.