കൊച്ചി: സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. പവന് 40 രൂപ വര്‍ധിച്ച് 22,080 രൂപയായി. ഗ്രാമിന് അഞ്ചു രൂപയാണ് കൂടിയത്. ഒരു ഗ്രാമിന് 2,760 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

Ads By Google

ശനിയാഴ്ച പവന് 40 രൂപ കുറഞ്ഞ് 22,040 രൂപയിലെത്തിയ വില മൂന്നു ദിവസമായി മാറ്റമില്ലാതെ തുടരുകയായിരുന്നു. 24,240 രൂപയാണ് സ്വര്‍ണവിലയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന നിരക്ക്.

അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1592.70 ഡോളറാണ് വില.

ഇറക്കുമതി ചുങ്കം ഉയര്‍ത്തിയതു വഴി സ്വര്‍ണം  ഇറക്കുമതിക്ക് ഗ്രാമിന് 60 രൂപ മുതല്‍ 75 രൂപ വരെ തീരുവ വര്‍ധിക്കും. എന്നാല്‍ വിവാഹ സീസണ്‍ അവസാനഘട്ടമായതിനാല്‍ വ്യാപാരത്തോത് ഇപ്പോള്‍ കുറവാണ്.

5620 കോടി ഡോളറിന്റെ സ്വര്‍ണമാണ് 2012ല്‍ രാജ്യത്ത് ഇറക്കുമതി ചെയ്തത്. വര്‍ധിച്ച തോതിലുള്ള സ്വര്‍ണ ഇറക്കുമതി സമ്പദ്രംഗത്ത് പ്രശ്‌നം സൃഷ്ടിക്കുമെന്നും ഇത് തടയാന്‍ തീരുവ വര്‍ധിപ്പിക്കേണ്ടിവരുമെന്നും ധനമന്ത്രി പി. ചിദംബരം ഈയിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

തീരുവ വര്‍ധിപ്പിച്ച നടപടി നിലവിലെ ധനക്കമ്മി കുറക്കാന്‍ വഴിയൊരുക്കുമെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.