എഡിറ്റര്‍
എഡിറ്റര്‍
സ്വര്‍ണ വില റെക്കോഡില്‍: പവന് 23,560
എഡിറ്റര്‍
Friday 9th November 2012 11:03am

കൊച്ചി: സ്വര്‍ണ വിലയില്‍ മുന്നേറ്റം തുടരുന്നു. പവന് 80 രൂപ കൂടി 23,560 രൂപയായി. ഗ്രാമിന് 10 രൂപയാണ് കൂടിയത്. 2,945 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. രാജ്യാന്തര വിപണിയില്‍ വില കൂടിയതാണ് ആഭ്യന്തര വിപണിയിലും വില വര്‍ധിക്കാന്‍ കാരണമായത്.

Ads By Google

അമേരിക്കയില്‍ ഒബാമ ഭരണത്തിലേറിയ സാഹചര്യം അനുകൂലമാക്കിയാണ് ഇന്ത്യന്‍ വിപണിയിലും വിലയില്‍ വര്‍ധന തുടരുന്നത്. രണ്ട് ദിവസമായി ഇന്ത്യയില്‍ രൂപയുടെ വിനമയ മൂല്യം കുറഞ്ഞതും സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചു. കഴിഞ്ഞ നാല് ദിവസത്തിനിടെ പവന് 680 രൂപയാണ് വര്‍ധിച്ചത്.

ബുധനാഴ്ചയാണ് സ്വര്‍ണവില ഒറ്റയടിക്ക് 360 രൂപ കൂടി 23,480 രൂപയായത്. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ഇന്ന് വീണ്ടും വില വര്‍ധിച്ചത്.

സുരക്ഷിത നിക്ഷേപമാര്‍ഗമായി അംഗീകരിക്കപ്പെട്ടിട്ടുളളതാണ് സ്വര്‍ണം. വിലക്കയറ്റം, പണത്തിന് മൂല്യം കുറയുക, ഓഹരി വിപണി അടക്കമുളള നിക്ഷേപമാര്‍ഗങ്ങള്‍ തകരുക തുടങ്ങിയ സാഹചര്യങ്ങളില്‍ സ്വര്‍ണവില ഉയരും.

രാജ്യാന്തര വില ഉയരുന്നതിനൊപ്പം, ഡോളറുമായുള്ള രൂപയുടെ വിനിമയമൂല്യം ഇടിയുന്നത് കൂടിയാകുമ്പോള്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിന്റെ വില കുത്തനെ ഉയരുന്നു.

ഈ വര്‍ഷം രണ്ടാം പകുതിയില്‍ സ്വര്‍ണത്തിന്റെ ആവശ്യം വര്‍ധിക്കുമെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ വര്‍ഷം തുടക്കത്തില്‍ സ്വര്‍ണത്തിന്റെ ആവശ്യത്തില്‍ എട്ട് ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ വിറ്റഴിയുന്ന സ്വര്‍ണത്തിന്റെ 50% വിവാഹാവശ്യത്തിനുള്ളതാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 700 ടണ്‍ സ്വര്‍ണം വിറ്റഴിഞ്ഞു.

Advertisement