മുംബൈ: ആഗോള സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. 31 ഗ്രാമിന്റെ ട്രോയ് ഔണ്‍സിന് ഒറ്റയടിക്ക് 1275 രൂപ കുറഞ്ഞു. വില്‍പ്പനക്കാര്‍ വന്‍തോതില്‍ സ്വര്‍ണം വിറ്റതാണ് ഇടിവിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇത് ഇന്ത്യയില്‍ സ്വര്‍ണവില കുറയാന്‍ കാരണമായേക്കും. ഇന്ത്യന്‍ വിപണിയില്‍ ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറയുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടി കാണിക്കുന്നത്. ഗ്രാമിന് 3015 രൂപയും പവന് 24120 രൂപയുമായിരുന്നു ബുധനാഴ്ചത്തെ സ്വര്‍ണവില.

Ads By Google

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായ 24,240 രൂപയിലെത്തി ഇന്നലെ റെക്കോര്‍ഡിട്ട ശേഷമാണ് ഇന്ന് സ്വര്‍ണവിലയില്‍ കുറവുണ്ടായത്. ഈ മാസം ആദ്യം പവന് 23,240 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് കുറഞ്ഞ് നവംബര്‍ മൂന്നിന് 22,880 രൂപയായി.

എന്നാല്‍ തുടര്‍ന്ന് മൂന്നാഴ്ച കൊണ്ട് കുത്തനെ വില ഉയര്‍ന്നു. ശനിയാഴ്ച പവന് വില 24,000 രൂപയിലെത്തിയിരുന്നു. തിങ്കളാഴ്ച 160 രൂപയുടെ വര്‍ധനയോടെ റെക്കോര്‍ഡ് വിലയായിരുന്ന 24,160 രൂപയില്‍ തിരിച്ചെത്തി. ഇന്നലെ വീണ്ടും 80 രൂപ കൂടിയാണ് പുതിയ ഉയരം കണ്ടത്.

രാജ്യാന്തര വിപണിയിലെ വിലക്കയറ്റവും ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞതുമാണ് സ്വര്‍ണ വില ഉയര്‍ത്തിയത്. ഈ വര്‍ഷം തുടക്കത്തില്‍ സ്വര്‍ണത്തിന്റെ ആവശ്യത്തില്‍ എട്ട് ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ വിറ്റഴിയുന്ന സ്വര്‍ണത്തിന്റെ 50% വിവാഹാവശ്യത്തിനുള്ളതാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 700 ടണ്‍ സ്വര്‍ണം വിറ്റഴിഞ്ഞു. സുരക്ഷിത നിക്ഷേപമാര്‍ഗമായി അംഗീകരിക്കപ്പെട്ടിട്ടുളളതാണ് സ്വര്‍ണം.

വിലക്കയറ്റം, പണത്തിന് മൂല്യം കുറയുക, ഓഹരി വിപണി അടക്കമുളള നിക്ഷേപമാര്‍ഗങ്ങള്‍ തകരുക തുടങ്ങിയ സാഹചര്യങ്ങളില്‍ സ്വര്‍ണവില ഉയരും. രാജ്യാന്തര വില ഉയരുന്നതിനൊപ്പം, ഡോളറുമായുള്ള രൂപയുടെ വിനിമയമൂല്യം ഇടിയുന്നത് കൂടിയാകുമ്പോള്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിന്റെ വില കുത്തനെ ഉയരുന്നു.

ഈ വര്‍ഷം രണ്ടാം പകുതിയില്‍ സ്വര്‍ണത്തിന്റെ ആവശ്യം വര്‍ധിക്കുമെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ വര്‍ഷം തുടക്കത്തില്‍ സ്വര്‍ണത്തിന്റെ ആവശ്യത്തില്‍ എട്ട് ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു.