കൊച്ചി: സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും വര്‍ധന. രാവിലെ പവന് 80 രൂപ വര്‍ധിച്ച സ്വര്‍ണ്ണത്തിന് ഉച്ചയോടെ 200 രൂപ വീണ്ടും വര്‍ധിച്ചു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 21,200 രൂപയായി. ഗ്രാമിന് വില 2650 ആയി.

സ്വര്‍ണവില 20,000 കടന്നത് കഴിഞ്ഞദിവസമാണ്. സാമ്പത്തിക മാന്ദ്യഭീതി കൂടുന്നതിനാല്‍ വില ഇനിയും കൂടുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

രാജ്യാന്തര വിപണിയിലെ വിലയിലുണ്ടായ വര്‍ധനവാണ് അഭ്യന്തര വിപണിയിലെയും ഉയര്‍ച്ചക്ക് കാരണം. മാന്ദ്യഭീതി പടരുന്ന സാഹചര്യത്തില്‍ സുരക്ഷിത നിക്ഷേപമെന്ന കാരണത്താല്‍ ആളുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതാണ് വില ഉയരാന്‍ കാരണം.

2009 നവംബര്‍ 21നാണ് സ്വര്‍ണവില 13,000രൂപ കടന്നത്. പിന്നീട് കുടിയും കുറഞ്ഞും നീങ്ങിയ വില 2010 ഏപ്രില്‍ മുതലാണ് കാര്യമായ കയറ്റത്തിന്റെ പാതയിലെത്തിയത്.

ഓഹരിവിപണിയിലെ ചാഞ്ചാട്ടവും ക്രൂഡോയില്‍ വില ഇടിയുന്നതും ആളുകളെ സ്വര്‍ണത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുകയാണ്. വില തല്‍ക്കാലം താഴോട്ടുപോകാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

യൂറോപ്യന്‍ രാജ്യങ്ങളുടെ കടബാധ്യത സംബന്ധിച്ച ആശങ്കകള്‍ വീണ്ടും സജീവമായതാണ് സ്വര്‍ണത്തിന് ഡിമാന്‍ഡ് ഉയര്‍ത്തുന്നത്. കഴിഞ്ഞ ദിവസം ജര്‍മ്മനിയിലും സാമ്പത്തിക മേഖല തളര്‍ച്ചയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.