Categories

മുണ്ടൂരില്‍ സി.പി.ഐ.എം അയഞ്ഞു; ഗോകുല്‍ദാസിനെ തിരിച്ചെടുക്കും

പാലക്കാട്: മുണ്ടൂരിലെ വിമതരുടെ കാര്യത്തില്‍ സി.പി.ഐ.എം സംസ്ഥാന നേതൃത്വം അവസാനം അയഞ്ഞു. മുണ്ടൂര്‍ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് തരംതാഴ്ത്തിയ ഗോകുല്‍ദാസിനെതിരായ നടപടി പിന്‍വലിക്കാന്‍ സി.പി.ഐ.എം തീരുമാനിച്ചു.

ഏരിയാ കമ്മിറ്റിയില്‍ ഗോകുല്‍ദാസ് തുടരുമെങ്കിലും ഏരിയാ സെക്രട്ടറി ചുമതല സുധാകരന് തന്നെയായിരിക്കും. ഗോകുല്‍ദാസിന് പുറമേ ഏരിയാ കമ്മിറ്റിയില്‍ നിന്നും തരംതാഴ്ത്തിയ മറ്റ് പ്രവര്‍ത്തകര്‍ക്കും സ്ഥാനങ്ങള്‍ തിരിച്ച് നല്‍കാന്‍ തീരുമാനമായി.

Ads By Google

പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന ജില്ലാകമ്മിറ്റി യോഗത്തിലാണ് ഗോകുല്‍ദാസിനെ തിരിച്ചെടുക്കാന്‍ തീരുമാനമായത്. തീരുമാനം ജില്ലാ സെക്രട്ടറിയേറ്റ് ജില്ലാ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്.

മുണ്ടൂര്‍ വിമതര്‍ക്ക് നേരെ അച്ചടക്ക നടപടിയുണ്ടാവില്ലെന്ന് നേരത്തെ പാലക്കാട് ജില്ലാ കമ്മിറ്റി വ്യക്തമാക്കിയിരുന്നു. മുണ്ടൂരില്‍ സമാന്തര ഏരിയാ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം തുടരുന്ന പി.എ ഗോകുല്‍ദാസിനെയും സംഘത്തെയും അനുനയിപ്പിക്കാന്‍ സി.പി.ഐ.എം സംസ്ഥാന നേതൃത്വം തയ്യാറായതോടെയാണ് കോടിയേരിയുടെ നേതൃത്വത്തില്‍ ജില്ലാ കമ്മിറ്റി ചേര്‍ന്നത്.

പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിച്ച് ഗോകുല്‍ദാസ് വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയാണെന്നും ഗോകുല്‍ദാസിന്റെ ഭാര്യ ജീവനൊടുക്കിയതിന് പിന്നില്‍ അദ്ദേഹമാണെന്ന് ഇക്കാര്യം അന്വേഷിച്ച പാര്‍ട്ടി അന്വേഷണകമ്മീഷന് വിവരം ലഭിച്ചുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഗോകുല്‍ദാസിനെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചത്. ഇതില്‍ പ്രതിഷേധിച്ച് ഗോകുല്‍ദാസ് വിഭാഗം വിളിച്ചുചേര്‍ത്ത യോഗത്തില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തിരുന്നു.

Tagged with: |