അഹമ്മദാബാദ്: ഗോധ്ര ട്രെയിന്‍ തീവെപ്പ് കേസില്‍ 31 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. 63 പേരെ കോടതി വെറുതെ വിട്ടു. ഗുജറാത്ത് ഹൈക്കോടതിയുടെതാണ് വിധി. കുറ്റക്കാര്‍ക്കുള്ള ശിക്ഷ  വിധി വെള്ളിയാഴ്ചയുണ്ടാകും. ക്രിമിനല്‍ ഗൂഢാലോചന, കൊലപാതകം എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റം. 1500 തെളിവുകളും 250 സാക്ഷി മൊഴികളും കോടതി പരിശോധിച്ചു. മുഖ്യപ്രതിയെന്ന് ആരോപിക്കുന്ന മൗലവി ഉമര്‍ജിയെ വെറുതെവിട്ടിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം തന്നെ വിചാരണ പൂര്‍ത്തിയായ കേസിന്റെ വിധി പ്രഖ്യാപിക്കുന്നതു പല കാരണങ്ങളാല്‍ മാറ്റിവച്ചിരുന്നു. ഗുജറാത്തിലുടനീളം വര്‍ഗീയകലാപം കത്തിപ്പടരുന്നതിന് കാരണമായ സംഭവം നടന്ന് ഒമ്പതുവര്‍ഷം കഴിഞ്ഞാണ് വിധി. കേസില്‍ പ്രത്യേക ജഡ്ജി പി.ആര്‍. പട്ടേല്‍ കഴിഞ്ഞ സപ്തംബറില്‍ത്തന്നെ വാദം പൂര്‍ത്തിയാക്കിയിരുന്നു.

കേസില്‍ വിധി പറയുന്നത് സ്‌റ്റേ ചെയ്ത സുപ്രീംകോടതി 2010 ഒക്ടോബര്‍ 26ന് ഇത് നീക്കി. 2002 മുതല്‍ ജയിലില്‍ കഴിയുന്ന 96 പ്രതികളാണ് കേസിലുള്ളത്. 2009 ജൂണില്‍ സബര്‍മതി ജയിലിലാണ് വിചാരണ തുടങ്ങിയത്.

അയോധ്യയില്‍ നിന്ന് മടങ്ങുകയായിരുന്ന കര്‍സേവകരടക്കം 58 പേരാണ് 2002 ഫിബ്രവരി 27ന് ഗോധ്ര റെയില്‍വേ സ്‌റ്റേഷനില്‍ സബര്‍മതി എക്‌സ്പ്രസ്സിലെ എസ്6 കോച്ച് കത്തി മരിച്ചത്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ നിയോഗിച്ച നാനാവതി കമ്മീഷന്‍ എസ് 6 കോച്ച് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നുവെന്ന നിഗമനത്തിലാണെത്തിയത്. എന്നാല്‍ റെയില്‍വെ നിയോഗിച്ച ബാനര്‍ജി കമ്മീഷന്‍ ട്രെയിനിനുള്ളില്‍ നിന്ന് തന്നെ തീപടര്‍ന്നതാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തിയിരുന്നു.