എഡിറ്റര്‍
എഡിറ്റര്‍
ഗോവയില്‍ ഇന്നു പരീക്കര്‍ വിശ്വാസ വോട്ടെടുപ്പ് തേടും; ആത്മവിശ്വാസത്തോടെ ബി.ജെ.പി; തോല്‍പ്പിക്കുമെന്ന് കോണ്‍ഗ്രസ്
എഡിറ്റര്‍
Thursday 16th March 2017 9:07am

 

പനാജി: ഗോവയില്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് തേടും. രാവിലെ പതിനൊന്ന് മണിയ്ക്ക് സമ്മേളിക്കുന്ന സഭയില്‍ പ്രോടെം സ്പീക്കറുടെ നിയന്ത്രണത്തിലായിരിക്കും വിശ്വാസ വോട്ടെടുപ്പ് നടക്കുക.


Also read ‘ഐ.എ.എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞാലേ കേസെടുക്കു’; സര്‍ക്കര്‍ നടപടിയോട് പ്രതിഷേധം വ്യക്തമാക്കി വിജിലന്‍സ് ഡയറക്ടര്‍ 


വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ആത്മ വിശ്വാസം പ്രകടിപ്പിച്ചു. എം.ജി.പി, ജി.എഫ്.പി തുടങ്ങിയ പാര്‍ട്ടികളുടെ പിന്തുണയോടെ ഭൂരിപക്ഷം തെളിയിക്കുന്നതിനാവശ്യമായ 21 പേരുടെ പിന്തുണ നേടിയതായാണ് ബി.ജെ.പി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ വിശ്വാസ വോട്ടെടുപ്പില്‍ പരീക്കര്‍ സര്‍ക്കാര്‍ തോല്‍ക്കുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബി.ജെ.പിയെ പിന്തുണക്കുന്ന സ്വതന്ത്ര എം.എല്‍.എയും പ്രാദേശിക പാര്‍ട്ടി എം.എല്‍.എയും തങ്ങളുമായ് ചര്‍ച്ചയിലാണെന്നും വിശ്വാസ വോട്ടെടുപ്പിനെ മറികടക്കാനാവശ്യമായ മറ്റു രണ്ട് പേരെ കൂടി ക്യാമ്പിലെത്തിക്കാന്‍ കഴിയുമെന്നുമാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.

സുപ്രീം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഗോവയില്‍ പരീക്കര്‍ മന്ത്രിസഭ വിശ്വാസ വോട്ടെടുപ്പിനൊരുങ്ങുന്നത്. 40 അംഗ നിയമസഭയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ 21 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. 17 സീറ്റ് നേടിയ കോണ്‍ഗ്രസ് ആണ് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷി. ബി.ജെ.പിയ്ക്ക് ലഭിച്ചത് 13 സീറ്റുകളാണ്.

ഗോവയുടെ 23 ആമത്തെ മുഖ്യമന്ത്രിയാണ് മനോഹര്‍ പരീക്കര്‍ ചൊവ്വാഴ്ച ചുമതലയേറ്റത്. സംസ്ഥാനത്തെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രിയായിരുന്ന പരീക്കര്‍ ഇത് മൂന്നാം തവണയാണ് അധികാരത്തിലെത്തുന്നത്. ബി.ജെ.പി എം.എല്‍.എ സിദ്ധാര്‍ത്ഥ് കുന്‍കാലിയേങ്കറിനെ പ്രോടെം സ്പീക്കറായി തെരഞ്ഞെടുത്തിട്ടുണ്ട്. സിദ്ധാര്‍ത്ഥ് ഇന്നലെ ഗവര്‍ണര്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

Advertisement