പനാജി: ഗോവ ല്‍ ബീച്ചില്‍ ഒമ്പതുകാരിയായ റഷ്യന്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ കേസില്‍ ഒരു പ്രതിയെ ഗോവ പോലീസ് അറസ്റ്റുചെയ്തു. അനില്‍ രഘുവന്‍ഷി എന്നയാളെ ഗോവയിലെ പെര്‍നം എന്ന സ്ഥലത്തെ ബസ്‌റ്റോപ്പിനുസമീപത്തുനിന്നാണ് അറസ്റ്റുചെയ്തത്. പ്രധാനപ്രതിയായ അമന്‍ ഭരദ്വാജിനെ ഇതുവരെ പിടികൂടിയിട്ടില്ല. ഗോവയിലെ ഒരു ഫാര്‍മ കമ്പനിയിലെ ഉദ്യോഗസ്ഥരാണ് ഇരുവരും.

അമനുവേണ്ടിയുള്ള തിരച്ചില്‍ ശക്തിപ്പെടുത്തിയതായി പോലീസ് സൂപ്രണ്ട് (നോര്‍ത്ത്) ബോസ്‌കോ ജോര്‍ജ് പറഞ്ഞു. പ്രധാനപ്രതിയുടെ ചിത്രം പോലീസ് ഇന്നലെ പുറത്ത് വിട്ടിരുന്നു. കഴിഞ്ഞ ഡിസംബര്‍ 23ന് ഡല്‍ഹിയിലെത്തിയ റഷ്യന്‍ കുടുംബം ഗോവയില്‍ സന്ദര്‍ശനത്തിന് വന്നപ്പോഴാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത് . ഗോവയിലെ ആരംബോല്‍ ബീച്ചിലായിരുന്നു സംഭവം. പ്രതികളെ ഉടന്‍ പിടികൂടണമെന്ന് റഷ്യന്‍ വക്താവ് ആവശ്യപ്പെട്ടിരുന്നു.