ഗോവ: ഗോവയില്‍ നടക്കേണ്ട അവസാന ഏകദിനം മഴമൂലം ഉപേക്ഷിച്ചു. ഇതോടെ മൂന്നുമല്‍സരങ്ങളുടെ ഏകദിന പരമ്പര 1-0 ന് ഇന്ത്യ നേടി. കൊച്ചിയിലെ ആദ്യമല്‍സരം മഴമൂലം ഉപേക്ഷിച്ചപ്പോള്‍ വിശാഖപട്ടണത്തെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ അഞ്ചുവിക്കറ്റിന്റെ തകര്‍പ്പന്‍ ജയം നേടിയിരുന്നു.

26 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇന്ത്യയില്‍ ആസ്‌ട്രേലിയക്ക് ഒരു ഏകദിന പരമ്പര നഷ്ടപ്പെടുന്നത്. ഇന്ത്യയില്‍ നടന്ന ഒരു ഏകദിനമല്‍സരവും ജയിക്കാതെ നാട്ടിലേക്ക് മടങ്ങിപ്പോവുകയെന്ന നാണക്കേടും ആസ്‌ട്രേലിയക്ക് സ്വന്തമായി.

റിക്കി പോണ്ടിംഗ്, ഷെയ്ന്‍ വാട്ട്‌സണ്‍, മിച്ചല്‍ ജോണ്‍സണ്‍ എന്നിവരില്ലാതെയായിരുന്നു ആസ്‌ട്രേലിയ പരമ്പരക്കിറങ്ങിയത്. ഇന്ത്യന്‍ നിരയില്‍ സച്ചിന്‍, സെവാഗ്, ഹര്‍ഭജന്‍, ഗംഭീര്‍,ശ്രീശാന്ത്, സഹീര്‍ എന്നിവരും കളിക്കാനുണ്ടായിരുന്നില്ല. പുതുമുഖ താരങ്ങളെ അണിനിരത്തിയാണ് ക്യാപ്റ്റന്‍ ധോണിയുടെ നേതൃത്വത്തിലുള്ള ടീം പരമ്പര നേടിയത്.