എഡിറ്റര്‍
എഡിറ്റര്‍
ഗോവ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന് ഇന്ന് തുടക്കം
എഡിറ്റര്‍
Wednesday 20th November 2013 7:48am

goa-film-fest

പനജി: 44-ാമത് ഗോവ അന്താരാഷ്ട്ര  ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കമാകും. ലോകസിനിമയിലേയ്ക്ക് കാഴ്ചയുടെ ജാലകം തുറക്കുന്ന ഫെസ്റ്റിവലിന് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ഫെസ്റ്റിവല്‍ ഡയറക്ടര്‍ മോഹന്‍ ശങ്കര്‍ അറിയിച്ചു.

വൈകിട്ട് നാലിന് കേന്ദ്രമന്ത്രി മനീഷ് തിവാരി, ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍, ചലച്ചിത്രതാരം കമല്‍ഹാസന്‍, ഓസ്‌കര്‍ നേടിയ ഹോളിവുഡ് താരമായ സൂസന്‍ സാറന്‍ഡണ്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിക്കും.

പ്രമുഖ ഇറാനിയന്‍ ചലച്ചിത്രകാരന്‍ മജീദ് മജീദി, പോളിഷ് ഫിലിം മേക്കര്‍ അഗ്നിയേസ്‌ക ഹോളന്‍ഡ്, ബോളിവുഡ് താരം രേഖ, ഗായിക ആശാ ഭോസ്ലെ എന്നിവരും സംബന്ധിക്കും.

ചലച്ചിത്ര പ്രതിഭയ്ക്കുള്ള ആജീവനാന്ത പുരസ്‌കാരം ചെക് സംവിധായകന്‍ ജെറി മന്‍സിലിന് നല്‍കും. ഈ വര്‍ഷത്തെ മികച്ച ചലച്ചിത്ര വ്യക്തിത്വത്തിനുള്ള പുരസ്‌കാരം പ്രമുഖ നടി വഹീദാ റഹ്മാന് നല്‍കും.

75 രാഷ്ട്രങ്ങളില്‍ നിന്നായി 364 ചിത്രങ്ങളാണ് മേളയില്‍ അവതരിപ്പിക്കുന്നത്. കണ്‍ട്രിഫോക്കസിലെ ജപ്പാന്‍ സിനിമകളും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സിനിമകളുടെ പ്രത്യേകവിഭാഗവും ശ്രദ്ധയാകര്‍ഷിക്കും.

2013-ല്‍ മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ നോമിനേഷന്‍ നേടിയ എല്ലാ ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും. 15 ചിത്രങ്ങളാണ് ഇത്തവണ സുവര്‍ണ ചകോരത്തിനായി മത്സരിക്കുന്നത്.

ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ 25 ഫീച്ചര്‍ സിനിമകളും 15 നോണ്‍ ഫീച്ചര്‍ സിനിമകളും പ്രദര്‍ശിപ്പിക്കും. ജെറി മന്‍സിലിന്റെ ഏറ്റവും പുതിയ ചിത്രം ദ ഡോണ്‍ ജുവാന്‍സ് ആണ് ഉദ്ഘാടനചിത്രം.

പനോരമ വിഭാഗത്തില്‍ പ്രശസ്ത മലയാളി സംവിധായകനായ കെ. ആര്‍ മനോജിന്റെ കന്യക ടാക്കീസ് ഉദ്ഘാടനചിത്രമാകും. ജസ്റ്റിന്‍ ചാഡ്‌വിക് സംവിധാനം ചെയ്ത മണ്ടേല എ ലോങ് വാക് ടു ഫ്രീഡം ആണ് സമാപനച്ചിത്രം.

ശ്യാമപ്രസാദിന്റെ ആര്‍ട്ടിസ്റ്റ്, ജോയി മാത്യുവിന്റെ ഷട്ടര്‍, സലീം അഹമ്മദിന്റെ കുഞ്ഞനന്തന്റെ കട, സിദ്ധാര്‍ത്ഥ് ശിവയുടെ 101 ചോദ്യങ്ങള്‍, കമലിന്റെ സെല്ലുലോയ്ഡ് എന്നിവ ഉള്‍പ്പെടെ നിരവധി മലയാള ചിത്രങ്ങളും ഇത്തവണ മേളയിലുണ്ട്.

b

Advertisement