പനാജി: ആള്‍ ഇന്ത്യ ഹിന്ദു സമ്മേളനം കഴിഞ്ഞ ശേഷം ഗോവയില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്നത് വ്യാപകമായതായി റിപ്പോര്‍ട്ട്. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ പ്രത്യേക റിപ്പേര്‍ട്ടില്‍ സമ്മേളനം കഴിഞ്ഞ് ഒരു മാസത്തിനിടക്ക് ഉണ്ടായിട്ടുള്ള അതിക്രമങ്ങള്‍ എണ്ണമിട്ടു നിരത്തുന്നുണ്ട്. സംസ്ഥാനത്തിന്റെ പലയിടത്തം വ്യാപക രീതിയില്‍ കുരിശ് രൂപങ്ങള്‍ കണ്ടെത്തിയിരുന്നു. ഇത് വിശ്വാസികളെ നന്നായി ഭയപ്പെടുത്തുന്നുണ്ട്.

ദക്ഷിണ ഗോവയിലെ ചര്‍ച്ചോറം ഗ്രാമത്തിലെ പള്ളി സെമിത്തേരിയില്‍ നിരവധി ശവക്കല്ലറകള്‍ അടിച്ച് തകര്‍പ്പെട്ടതായും എല്ലുകള്‍ പുറത്തെടുത്തിട്ടതായും കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ചിലയിടങ്ങളില്‍ ക്ഷേത്രങ്ങളിലും അക്രമം നടക്കുന്നത് പ്രശ്‌നത്തിന്റെ രൂക്ഷത വര്‍ധിപ്പിക്കുന്നു. പിഴുതെറിയുകയോ നശിപ്പിക്കുകയോ ചെയ്തനിലയില്‍ 40ഓളം കുരിശുരൂപങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ടെടുത്തതായി കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് ആന്‍ഡ് പീസ് എക്‌സിക്ക്യൂട്ടീവ് സെക്രട്ടറി ഫാ.സാവിയോ ഫെര്‍ണ്ടാസ് പറഞ്ഞു.

കുരിശുരൂപങ്ങള്‍ നശിപ്പിച്ചെന്ന് ആരോപിച്ച് ഫ്രാന്‍സിസ് പെരേരെ എന്ന വ്യക്തിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പിന്നീടും ആക്രമങ്ങള്‍ തുടരുകയായിരുന്നു. കഴിഞ്ഞ ജൂണിലാണ് ഹിന്ദു ജനജാഗ്രതി സമിതിയുടെ നേതൃത്വത്തില്‍ അഖിലേന്ത്യ ഹിന്ദു സമ്മേളനം നടന്നത് നിരവധി ഹിന്ദു സംഘടനകളുടെ നേതാക്കളെത്തി പരസ്യമായി വര്‍ഗീയ വിദ്വേഷം പരത്തുന്ന രീതിയില്‍ പ്രസംഗിച്ചിരുന്നു.


Also read‘കുറ്റം നോട്ട് ഫോട്ടോസ്റ്റാറ്റ് എടുത്തു എന്നതുമാത്രമാക്കി’ ബി.ജെ.പി നേതാക്കള്‍ പ്രതിയായ കള്ളനോട്ട് കേസ് അന്വേഷണം അവസാനിപ്പിക്കുന്നു


ഹിന്ദു സമ്മേളനത്തിന് നേതൃത്വം നല്‍കിയ സനാതന്‍ സാന്‍സ്താ എന്ന സംഘടനയുടെ ആശ്രമം സ്ഥിതി ചെയ്യുന്ന പോണ്ടയിലെ പരിസരവാസികളും ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അജ്ഞാതമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആശ്രമത്തിലെ ഒരംഗത്തെ 2009ല്‍ സംസ്ഥാനത്ത് നടന്ന ബോബ് ആക്രമണത്തില്‍ പ്രതിചേര്‍ത്തിരുന്നു.

ബീഫ് കഴിക്കുന്നവരെ പരസ്യമായി തൂക്കി കൊല്ലണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ച് കൊണ്ടുള്ള സാധ്വി സരസ്വതിയെ പോലുള്ളവര്‍ അന്ന് പ്രസംഗിച്ചിരുന്നു. സാധ്വി സരസ്വതിക്കെതിരായി നടപടിയെടുക്കാത്തതില്‍ ബി.ജെ.പി എം.എല്‍.എയും ഡെപ്യൂട്ടി സ്പീക്കറുമായ മൈക്കല്‍ ലോബോ പരസ്യമായി വിമര്‍ശനം ഉന്നയിച്ചിരുന്നു.

വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയിട്ടും കുറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കാതിരുന്നത് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആശങ്ക പരത്തുന്നുണ്ട്. രാജ്യമെമ്പാടും പടരുന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ മതാടിസ്ഥാനത്തില്‍ ഗോവന്‍ ജനതയെയും വിഭജിക്കുന്നതിനുള്ള ശ്രമം അനുസ്യൂതം തുടരുകയാണ്. വിദ്വേഷ പ്രസംഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജൂലൈ 29ന് കത്തോലിക്ക സംഘടനകള്‍ യോഗം ചേര്‍ന്നിരുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണം ചെറുക്കുന്നതിന് വിവിധ മത സംഘടനകളെ ഉള്‍ക്കൊള്ളിച്ചുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗോവയില്‍ മതഭ്രാന്ത് പിടിച്ചവര്‍ ശക്തി പ്രാപിക്കുന്നതായി ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി അധ്യക്ഷനായിരുന്ന പ്രഭാകര്‍ ടിംമ്പിള്‍ പറയുന്നു. 2017ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുമായി സഖ്യം ചേരാന്‍ പാര്‍ട്ടി തീരുമാനിച്ചതിനെ തുടര്‍ന്ന് പ്രഭാകര്‍ രാജിവെയ്ക്കുകയായിരുന്നു.

2000ല്‍ അധികാരത്തിലേറിയ ബി.ജെ.പി സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ പാഠഭാഗങ്ങളില്‍ വലിയ തോതില്‍ മാറ്റം വരുത്തി സംഘപരിവാര്‍ ആശയങ്ങള്‍ കുത്തിനിറയ്ക്കാന്‍ ശ്രമിക്കുന്നതായി വിമര്‍ശനമുയര്‍ന്നിരുന്നു.

2011ലെ സെന്‍സസ് കണക്ക് പ്രകാരം ഗോവയിലെ 25.1 ശതമാനം ജനത ക്രിസ്ത്യന്‍ മതവിശ്വാസികളും 8 ശതമാനം മുസ്‌ലിം പപപപമുകളുമാണ്. വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ പെരുന്നാള്‍ ദിനത്തിലെ പൊതു അവധി നിര്‍ത്തലാക്കാന്‍ നോക്കിയതും ക്രിസ്ത്യന്‍ മുസ്‌ലിം വിഭാഗങ്ങളെ പുറത്ത് നിന്നുള്ളവരായി ചിത്രീകരിക്കാന്‍ ശ്രമിച്ചതും സംസ്ഥാനത്തെ അതിക്രമങ്ങളും ജനങ്ങളെ ഒരെപോലെ ഭയപ്പെടുത്തുന്നുണ്ട്.