പനാജി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും വളകളയച്ച് പ്രതിഷേധിച്ച് ഗോവ കോണ്‍ഗ്രസ് വിമണ്‍സ് വിങ്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരായ ബി.ജെ.പി ആക്രമണത്തില്‍ പ്രതിഷേധിച്ചായിരുന്നു വളകളയച്ച് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

നിരവധി വീടുകളില്‍ നിന്നും ശേഖരിച്ച പെട്ടിക്കണക്കിന് വളകള്‍ ഞങ്ങള്‍ പ്രധാനമന്ത്രി മോദിക്കും അമിത്ഷായ്ക്കും അയച്ചുകൊടുക്കും. ഇവര്‍ക്ക് മാത്രമല്ല രാഹുല്‍ഗാന്ധിയെ കല്ലെറിഞ്ഞ വ്യക്തിക്കും വളകള്‍ അയച്ചുകൊടുക്കാന്‍ തന്നെയാണ് തീരുമാനം. – ഗോവ പ്രദേശ് മഹിള കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രതിമ ചൗധിനോ പറഞ്ഞു.

വെള്ളപ്പൊക്കെ ദുരിതബാധിതരെ കാണാനെത്തുന്ന ഒരു രാഷ്ട്രീയപാര്‍ട്ടി നേതാവിനെ കല്ലെറിയാനുള്ള ബി.ജെ.പി നേതൃത്വത്തിന്റെ തീരുമാനം തികഞ്ഞ ഭീരുത്വമാണെന്നും കല്ലെറിഞ്ഞ് ഭയപ്പെടുത്താന് നോക്കുന്നത് ബി.ജെ.പി ഉന്നത നേതൃത്വത്തിന്റെ ഒത്താശയോടെയാണെന്നും അവര്‍ പറഞ്ഞു. ഇന്ത്യയെന്നത് ഒരു ജനാധിപത്യ രാജ്യമാണ്. ആര്‍ക്കും എവിടേയും ഒരു ഭയവും കൂടാതെ സഞ്ചരിക്കാനുള്ള സാഹചര്യം ഇവിടെയുണ്ടാകണം- പ്രതിമ ചൗധിനോ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവായ ജയേഷ് ദര്‍ജിയെന്നയാളെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജയേഷ് ബി.ജെ.പിയുടെ യൂത്ത് നേതാവാണെന്നും ബി.ജെ.പി ഉന്നത നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് രാഹുലിന്റെ കാറിന് നേരെ കല്ലേറ് നടത്തിയതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.