Categories

ഗോവയില്‍ ഭരണം നഷ്ടമാക്കിയത് കോണ്‍ഗ്രസിന്റെ പിടിപ്പുകേട്: നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എം.എല്‍.എമാര്‍

പനാജി: ഗോവയില്‍ ഭരണം നഷ്ടമായതില്‍ രോഷാകുലരായി കോണ്‍ഗ്രസ് എം.എല്‍.എമാര്‍. ഭരണം നഷ്ടമായത് പാര്‍ട്ടി നേതൃത്വത്തിന്റെ പിടിപ്പുകേട് മൂലമാണെന്നാണ് എം.എല്‍.എമാരുടെ ആരോപണം. സംസ്ഥാനത്ത് കൃത്യമായ സമയത്ത് കേന്ദ്രനേതൃത്വം ഇടപെടല്‍ നടത്താത്തതിനാലാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ഭരണം പിടിക്കാന്‍ പാര്‍ട്ടിക്ക് കഴിയാതിരുന്നതെന്ന് എം.എല്‍.എമാര്‍ പറയുന്നു.

പാര്‍ട്ടി എംഎല്‍എമാരുടെ യോഗത്തില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി ചില എംഎല്‍എമാര്‍, സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ്ങിനോട് കയര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്.

ഗോവയിലെ കോണ്‍ഗ്രസിന്റെ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായിരുന്ന വിശ്വജിത്ത് പി റാണെ പാര്‍ട്ടി നേതൃത്വത്തിനെതിരെ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്.

 നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും വലിയ പിടിപ്പുകേടാണ് ഉണ്ടായത്. ജനങ്ങള്‍ കോണ്‍ഗ്രസിന് സര്‍ക്കാരുണ്ടാക്കാനുള്ള അവകാശം നല്‍കി. പക്ഷേ നേതാക്കളുടെ വിഡ്ഢിത്തം കാരണം പാര്‍ട്ടി അവസരം തുലച്ചുകളഞ്ഞെന്നും ഇദ്ദേഹം പറയുന്നു.

ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും പരീക്കറിന്റെ സത്യപ്രതിജ്ഞ റദ്ദാക്കാന്‍ കോടതി തയാറായില്ല. 16ന് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ സുപ്രീം കോടതി ഉത്തരവിട്ടെങ്കിലും അതില്‍ ബിജെപി പരാജയപ്പെടുമെന്ന് കോണ്‍ഗ്രസിന് പ്രതീക്ഷയില്ല.


Dont Miss പൂച്ചക്ക് ഇവിടെ എന്തു കാര്യമെന്നാണെങ്കില്‍ ക്ഷമിക്കണം, കുറച്ച് കാര്യമുണ്ട്: മാന്‍ഹോളിനെ വിമര്‍ശിച്ച ബി. ഇക്ബാലിന് മറുപടിയുമായി സജിത മഠത്തില്‍


40 അംഗ നിയമസഭയില്‍ 17 സീറ്റുള്ള കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 13 സീറ്റു നേടിയ ബിജെപിയേക്കാള്‍ നാലു സീറ്റിന്റെ മുന്‍തൂക്കമുണ്ടായിരുന്ന കോണ്‍ഗ്രസിന്, കേവല ഭൂരിപക്ഷമായ 21ലേക്ക് എത്താന്‍ വേണ്ടിയിരുന്നത് വെറും നാലു സീറ്റുമാത്രമായിരുന്നു. എന്നാല്‍ വേണ്ട നടപടികള്‍ സ്വീകരിക്കാതിരുന്ന നേതൃത്വം വലിയ വിഡ്ഡിത്തമാണ് കാണിച്ചതെന്നാണ് എം.എല്‍.എമാര്‍ പറയുന്നത്.

കോണ്‍ഗ്രസിനു പിന്തുണ നല്‍കുമെന്നു കരുതിയിരുന്ന മൂന്നംഗ ഗോവ ഫോര്‍വേഡ് പാര്‍ട്ടി (ജിഎഫ്പി) കൂടി ബി.ജെ.പി പാളയത്തിലെത്തിയതാടെ കോണ്‍ഗ്രസിന് പിടിവള്ളി നഷ്ടമാകുകയും ചെയ്തു.

Tagged with: |