എഡിറ്റര്‍
എഡിറ്റര്‍
ആഗോളതലത്തില്‍ ഭക്ഷ്യവില കുതിക്കുകയാണെന്ന് ലോകബാങ്ക്
എഡിറ്റര്‍
Friday 31st August 2012 8:56am

വാഷിങ്ണ്‍: ആഗോളതലത്തില്‍ ഭക്ഷ്യവിലകള്‍ കുതിച്ചുയരുന്നതായി ലോകബാങ്കിന്റെ മുന്നറിയിപ്പ്. ജൂലൈയില്‍ ഭക്ഷ്യവിലയില്‍ പത്ത് ശതമാനം വര്‍ധനവാണുണ്ടായത്. ആഫ്രിക്ക, മധ്യേഷ്യ പോലുള്ള പ്രദേശങ്ങളില്‍ ഇത് ദാരിദ്ര്യം വര്‍ധിപ്പിക്കുമെന്നും ലോകബാങ്ക് മുന്നറിയിപ്പ് നല്‍കി.

Ads By Google

യു.എസിലെയും യൂറോപ്പിന്റെ കിഴക്കന്‍ ഭാഗങ്ങളിലെയും വരള്‍ച്ചയും ഉയര്‍ന്ന ഊഷ്മാവുമാണ് ഭക്ഷ്യോത്പാദനത്തെ ബാധിച്ചിരിക്കുന്നത്. ഇവിടങ്ങളിലെ ഉത്പാദനത്തിലുണ്ടായ ഇടിവ് ചോളത്തിന്റെയും സോയാബീനിന്റെയും വില റെക്കോര്‍ഡിലെത്തിച്ചു. ചോളം, ഗോതമ്പ് എന്നിവയുടെ വിലനിലവാരം ജൂണിലെ അപേക്ഷിച്ച് ജൂലൈയില്‍ 25 ശതമാനം വര്‍ധിച്ചതായും സോയാബീനിന്റെ വിലയില്‍ 17 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

റഷ്യയിലും കാര്‍ഷികോത്പാദനം ഈ വര്‍ഷം ഇടിഞ്ഞിട്ടുണ്ട്. റഷ്യ, ഉക്രെയ്ന്‍, കസാഖിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ഗോതമ്പുപാടങ്ങള്‍ പകുതിയിലധികവും നശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

2008ന്റെ മധ്യം മുതല്‍ 2011വരെയുള്ള കാലയളവിലെ വിലക്കയറ്റം ഭക്ഷ്യോത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് വന്‍പ്രതിസന്ധികളാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും ലോകബാങ്ക് പറയുന്നു. ലക്ഷക്കണക്കിന് ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും ഭീഷണി ഉയര്‍ത്തി ഭക്ഷ്യവില വീണ്ടും കുതിക്കുകയാണെന്ന് ലോകബാങ്ക് പ്രസിഡന്റ് ജിം യോങ് കിം പറഞ്ഞു.

ധാന്യങ്ങളുടെ കാര്യത്തില്‍ ലോകം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യോത്പന്നങ്ങളുടെ ഇറക്കുമതിയില്‍ രാജ്യങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ലോക ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അതേസമയം, അരിയുടെ വിലയില്‍ നാല് ശതമാനം കുറവ് രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭക്ഷ്യവിലക്കയറ്റം പല രാജ്യങ്ങളിലും ആഭ്യന്തര പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. അറബ് രാജ്യങ്ങളിലെ ഏകാധിപത്യവിരുദ്ധ വിപ്ലവങ്ങള്‍ക്ക് തിരികൊളുത്തിയ കാരണങ്ങളിലൊന്ന് ഇതുതന്നെയായിരുന്നു. 2008ലെ ഭക്ഷ്യ പ്രതിസന്ധി ഒട്ടേറെ രാജ്യങ്ങളില്‍ കലാപത്തിന് വഴിവെച്ചിരുന്നു. ഭക്ഷ്യവിലവര്‍ധന ലോകത്തെ ദരിദ്ര രാഷ്ട്രങ്ങളെയായിരിക്കും ഏറ്റവുമധികം ബാധിക്കുകയെന്നും ലോകബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു.

Advertisement