മുംബൈ: ഓഹരി വിപണികളില്‍ ഇടിവ് തുടരുന്നു. ഇന്ന് രാവിലെ മാര്‍ക്കറ്റ് ആരംഭിച്ചതിനു തൊട്ടുപിന്നാലെ സെന്‍സെക്‌സ് 500പോയിന്റ് ഇടിഞ്ഞു. നിഫ്റ്റി 148 പോയിന്റും താഴ്ന്നു. നിഫ്റ്റി 5000ത്തില്‍ താഴെയാണ് വ്യാപാരം തുടങ്ങിയത്. 14 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പോയിന്റാണിത്.

വിപണി ആരംഭിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ 30 ഷെയര്‍ ബെഞ്ച്മാര്‍ക്ക് ഇന്റക്‌സ് 16,466.07 പോയിന്റ് ഇടിഞ്ഞു. എന്‍.എസ്.സി നിഫ്റ്റി 156 പോയിന്റ് ഇടിഞ്ഞ് 4,962.65 പോയിന്റിലെത്തി.

യു.എസ് ക്രഡിറ്റ് റേറ്റിംങ് കുറഞ്ഞതിനു പിന്നാലെ വാള്‍ സ്ട്രീറ്റ് ഇന്റക്‌സ് 6% ഇടിഞ്ഞു. മേജര്‍ ഏഷ്യ സൂചികയില്‍ 4മുതല്‍ 9വരെ ശതമാനം ഇടിവാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്.

ചരിത്രത്തിലാദ്യമായി യു.എസ് ക്രഡിറ്റ് റേറ്റിംങ് കുറഞ്ഞത് നിക്ഷേപകരെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. യു.എസ് സാമ്പത്തിക മേഖലയുടെ തകര്‍ച്ചയുടെ സൂചകമായാണ് ഇതിനെ പലരും കാണുന്നത്. ഇതിനു പിന്നാലെ യൂറോപ്പിലെ കടപ്രതിസന്ധിയും വിപണിക്ക് വന്‍ ക്ഷീണമാണുണ്ടാക്കിയിരിക്കുന്നത്.

ഏഷ്യന്‍ വിപണികളെല്ലാം തന്നെ കനത്ത തകര്‍ച്ചയിലാണ് വ്യാപാരം നടക്കുന്നത്. അമേരിക്കന്‍ ഓഹരി വിപണികളിലും കനത്ത ഇടിവാണ് നേരിടുന്നത്. ഡൗ ജോണ്‍സ് 635 പോയിന്റ് കുറഞ്ഞു. നാസ് ഡാക് 175 പോയിന്റും താഴ്ന്നു. രാജ്യാന്തര തലത്തില്‍ ക്രൂഡ് വില കുത്തനെ ഇടിഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണ വില ഇന്നും ഉയരാനിടയുണ്ട്.