ന്യൂദല്‍ഹി: അന്താരാഷ്ട്ര കുറ്റവാളി ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനില്‍ ഒളിവില്‍ കഴിയുകയാണെന്ന ഇന്ത്യയുടെ വാദം പാക്കിസ്ഥാന്‍ നിഷേധിച്ചു. ദാവൂദിന് പാക് മണ്ണില്‍ അഭയം നല്‍കിയിട്ടില്ലെന്ന് പാക്കിസ്ഥാന്‍ ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക് വ്യക്തമാക്കുകയായിരുന്നു.

ദാവൂദ് പാക്കിസ്ഥാനില്‍ സുരക്ഷിതമായി കഴിയുന്നുണ്ടെന്നായിരുന്ന ആഭ്യന്തര സെക്രട്ടറി ജി.കെ പിള്ള പറഞ്ഞത്. കറാച്ചിയിലും ഇസ്‌ലാമാബാദിലുമായി ദാവൂദിന് നിരവധി സ്വത്തുവകകളുണ്ടെന്നും ഇക്കാര്യം സമ്മതിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറാവുകയാണ് ചെയ്യേണ്ടതെന്നുമായിരുന്നു ജി.കെ പിള്ള പറഞ്ഞത്. എന്നാല്‍ പിള്ളയുടെ പ്രസ്താവനക്കെതിരേ റഹ്മാന്‍ മാലിക് വിശദീകരണവുമായി രംഗത്തെത്തി.

ദാവൂദിന്റെ മകള്‍ പാക് ക്രിക്കറ്റ് താരം ജാവേദ് മിയാന്‍ദാദിന്റെ മകനെയാണ് വിവാഹം കഴിച്ചത്. എന്നുകരുതി ദാവൂദ് പാക്കിസ്ഥാനിലുണ്ടെന്ന് പറയാനാവില്ല. എന്നാല്‍ ഇന്ത്യയുടെ പക്കല്‍ എന്തെങ്കിലും തെളിവുകളുണ്ടെങ്കില്‍ അത് പരിശോധിക്കാന്‍ തയ്യാറാണെന്നും മാലിക് വ്യക്തമാക്കി.

1990ലെ മുംബൈ ബോംബ്‌സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് ഇന്ത്യ തേടിക്കൊണ്ടിരിക്കുന്ന കുറ്റവാളിയാണ് ദാവൂദ്. ഇയാള്‍ക്കെതിരേ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.