തിരുവനന്തപുരം: 30 ഹോട്ടലുകള്‍ക്ക് കൂടി ബാര്‍ ലൈസന്‍സ് നല്‍കുമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി കെ. ബാബു. ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്കാണ് സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയത്. ലൈസന്‍സ് നല്‍കുന്നത് സുപ്രീം കോടതി ഉത്തരവ് അനുസരിച്ചാണെന്നും വിധി സ്‌റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചാല്‍ മറ്റ് മാര്‍ഗങ്ങളില്ലെന്നും മന്ത്രി പറഞ്ഞു.

Ads By Google

ലൈസന്‍സ് നല്‍കിയില്ലെങ്കില്‍ കോടതിയലക്ഷ്യമാകുമെന്ന് നിയമോപദേശമുണ്ടെന്നും ലൈസന്‍സ് നല്‍കിയശേഷം പ്രശ്‌നം പഠിക്കാന്‍ കമ്മീഷനെ നിയോഗിക്കുമെന്നും മന്ത്രി കെ.ബാബു വ്യക്തമാക്കി.

ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മുകളിലുള്ള ഹോട്ടലുകള്‍ക്ക് മാത്രമേ ഇനി ബാര്‍ ലൈസന്‍സ് നല്‍കേണ്ടതുള്ളൂ എന്ന സര്‍ക്കാര്‍ നയം ഹൈക്കോടതി റദ്ദാക്കിയിരുന്നു.  ഇത് ടൂറിസം വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഇതിന് കാരണമായി ഹൈക്കോടതി അന്ന് ചൂണ്ടിക്കാണിച്ചത്.

ബാറുകളുടെ ദൂരപരിധി സംബന്ധിച്ച വ്യവസ്ഥയും ഹൈക്കോടതി റദ്ദാക്കിയിരുന്നു. അബ്കാരി നിയമ ഭേദഗതി അശാസ്ത്രീയമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. നേരത്തെ മദ്യനയം സംബന്ധിച്ച കേസില്‍ സംസ്ഥാന സര്‍ക്കാരിനെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. ഹൈക്കോടതി വിധിയെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് സുപ്രീംകോടതി ആരാഞ്ഞിരുന്നു.

വ്യവസ്ഥകള്‍ റദ്ദാക്കിയ വിധി ചോദ്യം ചെയ്യാത്തതിനെതിരെയാണ് കോടതിയുടെ പരാമര്‍ശം. ഈ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് മൂന്ന് ആഴ്ചക്കകം അറിയിക്കണമെന്നും സുപ്രീംകോടതി അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്.

2012-2013 വര്‍ഷത്തില്‍ ഫോര്‍സ്റ്റാര്‍, ഫൈവ്സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമേ ബാര്‍ ലൈസന്‍സ് അനുവദിക്കൂ എന്നതായിരുന്നു മദ്യനയത്തിലെ ഭേദഗതി. 2013ല്‍ ഇത് ഫൈവ്സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമായി ചുരുക്കും.

പഞ്ചായത്തുകളില്‍ മൂന്ന് കിലോമീറ്റര്‍ ദൂരപരിധിയിലും മുന്‍സിപാലിറ്റികളില്‍ ഒരു കിലോമീറ്റര്‍ ദൂരപരിധിയിലും മാത്രമേ പുതിയ ബാറുകള്‍ അനുവദിക്കൂ എന്നും ഭേദഗതിയില്‍ വ്യവസ്ഥയുണ്ടായിരുന്നു.