ന്യൂദല്‍ഹി: 50 കൊടുംഭീകരരുടെ പട്ടിക ഇന്ത്യ പാക്കിസ്ഥാന് കൈമാറി. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം, മുംബൈ ആക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് മുഹമ്മദ് സയിദ് എന്നിവരടക്കം 50 പേരുടെ പട്ടികയാണ് കൈമാറിയിരിക്കുന്നത്.

പാക് പട്ടാളത്തിലെ അഞ്ച് മേജര്‍മാരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ പലരും പാക്കിസ്ഥാനില്‍ വര്‍ഷങ്ങളായി താമസിക്കുന്നുണ്ടെന്നാണ് ഇന്ത്യ ആരോപിക്കുന്നത്. ജെയ്‌ഷെ ഇ മുഹമ്മദ് മേധാവി മൗലാന മസൂദ് അസറും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

നേരത്തേ ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യക്ക് കൈമാറണമെന്ന് ആഭ്യന്തര സെക്രട്ടറി ജി.കെ പിള്ള ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ദാവൂദിന് പാക്കിസ്ഥാനില്‍ താവളമൊരുക്കിയിട്ടില്ലെന്നും തെളിവ് നല്‍കിയാല്‍ പരിശോധിക്കാമെന്നും പാക് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക് പ്രതികരിച്ചിരുന്നു.