മുംബൈ: ആദ്യം പണം, പിന്നെ സ്വര്‍ണം ഇനിയിപ്പോള്‍ വജ്രവും എ.ടി.എമ്മുകളിലൂടെ വരികയാണ്. ഇനി വജ്രം വാങ്ങാന്‍ ആഭരണക്കടയില്‍ പോകേണ്ട. എ.ടി.എം കൗണ്ടറുകളിലെത്തിയാല്‍ മതി. മുംബൈയിലെ ഗീതാഞ്ജലി ഗ്രൂപ്പാണു ഡയമണ്ട് എ.ടി.എം സംവിധാനം അവതരിപ്പിയ്ക്കുന്നത്.

മൂന്നു വര്‍ഷത്തിനുള്ളില്‍ ഇത്തരം 75 എ.ടി.എമ്മുകളാണു വിവിധ മാളുകള്‍, എയര്‍പോര്‍ട്ടുകള്‍, ക്ഷേത്രങ്ങള്‍ എന്നിവിടങ്ങളില്‍ സ്ഥാപിക്കുന്നത്. കട്ടികള്‍, നാണയങ്ങള്‍ എന്നിവയായിട്ടാണു സ്വര്‍ണവും വെള്ളിയും ലഭിക്കുക. വജ്രാഭരണങ്ങളും ഇതിലൂടെ ലഭിക്കും.

തെക്കെ മുംബൈയിലെ ഫോനിക്‌സ് ഹൈ സ്ട്രീറ്റില്‍ ഇത്തരത്തിലുള്ളൊരു എ.ടി.എം കൗണ്ടറുകള്‍ തുറന്നുകഴിഞ്ഞു. ബോളിവുഡ് താരം റെയ്മ സെന്നും ഗീതാഞ്ജലി എക്‌സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ സി.ഇ.ഒ സഞ്ജീവ് അഗര്‍വാളുമാണ് കൗണ്ടര്‍ ഉദ്ഘാടനം ചെയ്തത്.

അമ്പത് കോടി രൂപ ചെലവില്‍ സ്ഥാപിയ്ക്കുന്ന പദ്ധതിയില്‍ നിന്ന് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 4,00500 കോടി രൂപയുടെ വ്യാപാരമാണ് പ്രതീക്ഷിയ്ക്കുന്നതെന്ന് ഗീതാഞ്ജലി ചീഫ് എക്‌സിക്യൂട്ടീവ് സഞ്ജീവ് അഗര്‍വാള്‍ അറിയിച്ചു. ആയിരം മുതല്‍ 30,000 രൂപ വരെ വിലയില്‍ വിവിധ വലിപ്പത്തില്‍ ഇവ ലഭ്യമാക്കും.

വിശേഷാവസരങ്ങളില്‍ അവസാന നിമിഷം പര്‍ചേസ് ചെയ്യുന്നവരെ ഉദ്ദേശിച്ചാണ് എ.ടി.എം കൗണ്ടറുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.