എഡിറ്റര്‍
എഡിറ്റര്‍
ഹോളി ദിനത്തില്‍ പെണ്‍കുട്ടികളെ ഹോസ്റ്റലില്‍ പൂട്ടിയിട്ടു
എഡിറ്റര്‍
Wednesday 19th March 2014 11:12am

holi

പട്യാല: ഹോളി ദിനത്തില്‍ പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്‍ പെണ്‍കുട്ടികളെ ഹോസ്റ്റലുകളില്‍ പൂട്ടിയിട്ടു.

യൂണിവേഴ്‌സിറ്റിയിലെ ആറ് ലേഡീസ് ഹോസ്റ്റലുകളാണ് അധികൃതര്‍ പൂട്ടിയിട്ടത്. ക്യാമ്പസില്‍ ബഹളമുണ്ടാവാതിരിക്കാനാണ് പെണ്‍കുട്ടികളെ പൂട്ടിയിട്ടതെന്നാണ് അധികൃതരുടെ വിശദീകരണം.

എന്നാല്‍ യുണിവേഴ്‌സിറ്റിയുടെ നടപടി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം തീര്‍ത്തിട്ടുണ്ട്. ഹോസ്റ്റല്‍ തുറന്നു തരാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു.

കഴിഞ്ഞ നാല്‍പതു വര്‍ഷമായി ഇതു തന്നെയാണ് തങ്ങള്‍ ചെയ്യാറുള്ളതെന്നും പെണ്‍കുട്ടികളുടെ സുരക്ഷയ്ക്കു വേണ്ടിയാണ് ഹോസ്റ്റലുകള്‍ പൂട്ടുന്നതെന്നുമാണ് അധികൃതര്‍ പറയുന്നത്.

ദിവസം മുഴുവന്‍ പൂട്ടിയിട്ടതിനു ശേഷം വൈകുന്നേരം ഒരു മണിക്കൂറിനു വേണ്ടി മാത്രം സെക്യൂരിറ്റി ഗാര്‍ഡുകളുടെ അകമ്പടിയോടെയാണ് ഇവര്‍ ഹോളി ആഘോഷിച്ചത്.

പെണ്‍കുട്ടികളുടെ സംരക്ഷണത്തിനാണെങ്കില്‍ എന്ത് കൊണ്ട് ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ അടച്ചു കൂടായെന്നും ഇത് ഫ്യൂഡല്‍ മനസ്ഥിതിയില്‍ നിന്നു വരുന്ന ചിന്തകളാണെന്നും ക്യാമ്പസിലെ സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തകര്‍ പറഞ്ഞു.

യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന പെണ്‍കുട്ടികളെല്ലാം പക്വതയെത്തിവരാണ് അവരെ ഇത്തരത്തില്‍ അടിച്ചമര്‍ത്തുന്നത് ശരിയല്ലെന്നും സ്റ്റുഡന്റ് ഓര്‍ഗനൈസേഷന്‍ പ്രതികരിച്ചു.

Advertisement