ന്യൂദല്‍ഹി: ഹരിയാനയില്‍ പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാക്രമണങ്ങള്‍ തടയാന്‍ പുതിയ മാര്‍ഗം നിര്‍ദേശിച്ചിരിക്കുകയാണ് ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല.

പതിനഞ്ച് വയസ്സുള്ള പെണ്‍കുട്ടികളെ എത്രയും പെട്ടന്ന് വിവാഹം കഴിപ്പിക്കുകായണ് സംസ്ഥാനത്ത് വര്‍ധിച്ച് വരുന്ന ബലാത്സംഗങ്ങള്‍ തടയാനുള്ള വഴിയെന്നാണ് മുന്‍ മുഖ്യമന്ത്രി പറയുന്നത്.

Ads By Google

ചൗട്ടാലയുടെ വിചിത്രമായ മാര്‍ഗനിര്‍ദേശത്തിലൂടെ, ‘നമ്മള്‍ ചരിത്രത്തില്‍ നിന്നും പഠിക്കേണ്ടിയിരിക്കുന്നു, പ്രത്യേകിച്ച് മുഗള്‍ ഭരണകാലത്ത് നിന്ന്. മുഗള്‍ഭരണകാലത്തെ ഭരണകര്‍ത്താക്കളില്‍ നിന്ന് തങ്ങളുടെ പെണ്‍മക്കളെ രക്ഷിക്കാന്‍ അവരെ പെട്ടന്ന് വിവാഹം കഴിപ്പിക്കുകയായിരുന്നു അന്നത്തെ മാതാപിതാക്കള്‍ ചെയ്തിരുന്നത്. ഏതാണ്ട് ആ അവസ്ഥ തന്നെയാണ്  ഇന്നുള്ളത്. അത് കൊണ്ട് ആ രീതി ഇന്നും പിന്തുടരണമെന്നാണ് ഞാന്‍ പറയുന്നത്.’

ഹരിയാനയില്‍ വീണ്ടും ദളിത് പെണ്‍കുട്ടി മാനഭംഗത്തിന് ഇരയായതിന്റെ പശ്ചാത്തലത്തിലായിരുന്നു ചൗട്ടാലയുടെ പ്രതികരണം.

ഹരിയാനയിലെ ഗ്രാമങ്ങളിലെ നിയമങ്ങള്‍ തീരുമാനിക്കുന്ന പ്രാദേശിക സംഘടനകളായിരുന്നു (ഗാപ്പ്) മുമ്പ് ഇത്തരം നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിരുന്നത്. ഹരിയാനയിലെ ഉള്‍ഗ്രാമങ്ങളില്‍ ഇത്തരം സംഘടനകളാണ് ദുരഭിമാനക്കൊല പോലെയുള്ള അനാചാരങ്ങള്‍ പ്രദേശങ്ങളില്‍ പ്രോത്സാഹിപ്പിക്കുന്നത്.

സര്‍ക്കാറിനും ഇത്തരം സംഘടനകളെയും അവരുടെ അനാചാരങ്ങളെയും പ്രോത്സാഹിപ്പിക്കുന്നു എന്നതിന് തെളിവാണ് ഒരു മുന്‍ മുഖ്യമന്ത്രിയുടെ ഇത്തരം പ്രസ്താവന.