എഡിറ്റര്‍
എഡിറ്റര്‍
താക്കറെയ്ക്കതിരെ ഫേസ്ബുക്കില്‍ വിമര്‍ശനം; നിയമം ദുരുപയോഗപ്പെടുത്തിയതല്ലെന്ന് കേന്ദ്രമന്ത്രി
എഡിറ്റര്‍
Tuesday 20th November 2012 4:08pm

ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം മരിച്ച ശിവസേന നേതാവ് താക്കറെയെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ട പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്ത സംഭവം അന്വേഷണ വിഭാഗത്തിന്റെ വീഴ്ച്ചയാണെന്ന് വിവരസാങ്കേതിക മന്ത്രി കപില്‍ സിബല്‍.

ഐ.ടി ആക്ടിലെ വകുപ്പുകള്‍ ഉന്നയിച്ച് കൊണ്ടായിരുന്നു പെണ്‍കുട്ടികളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതാദ്യമായല്ല രാജ്യത്ത് ഐ.ടി ആക്ട് ഉപയോഗിച്ച് ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്രത്തിന് മേല്‍ പോലീസും അന്വേഷണ ഉദ്യോഗസ്ഥരും കൈകടത്തുന്നത്.

Ads By Google

എന്നാല്‍ പെണ്‍കുട്ടികളെ പോലീസ് അറസ്റ്റ് ചെയ്തത് ഐ.ടി ആക്ട് ദുരുപയോഗം ചെയ്തല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വേണ്ട പരിശീലനം ലഭിക്കാത്തതിനാലാണെന്നുമാണ് കപില്‍ സിബല്‍ പറയുന്നത്.

സി.എന്‍.എന്‍-ഐ.ബി.എന്നില്‍ കരണ്‍ ഥാപ്പര്‍ നടത്തിയ അഭിമുഖത്തിലാണ് കപില്‍ സിബല്‍ ഇക്കാര്യം പറഞ്ഞത്.

ബാല്‍ താക്കറെ വിമര്‍ശിച്ചതിന്റെ പേരില്‍ പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്തത് ഏറെ അമ്പരപ്പിക്കുന്ന കാര്യമാണെന്നും ഇത് ഐ.ടി ആക്ടിനെ ദുരുപയോഗം ചെയ്തതാണെന്ന് കരുതുന്നില്ലെന്നും കപില്‍ സിബല്‍ പറഞ്ഞു.

ജനങ്ങള്‍ക്ക് എല്ലാ കാര്യങ്ങളെകുറിച്ചും അവരുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ഇതിനെതിരായിട്ടുള്ളതാവരുത് ഒരു നിയമമെന്നും കപില്‍ സിബല്‍ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥര്‍ നിയമത്തെ കുറിച്ച് വ്യക്തമായി മനസ്സിലാക്കാതെയാണ് അറസ്റ്റ് ചെയ്തതെന്നും കപില്‍ സിബല്‍ പറയുന്നു.

ബാല്‍ താക്കറെ മരിച്ചതിനെ തുടര്‍ന്ന് മുംബൈയില്‍ ബന്ദ് ആചരിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു 21 കാരിയായ ഷഹീന്‍ ദാദ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

‘താക്കറെയെ പോലുള്ള ആളുകള്‍ ദിവസവും ജനിക്കുകയും മരിക്കുകയും ചെയ്യും. അതിന്റെ പേരില്‍ ബന്ദ് ആചരിക്കേണ്ട ആവശ്യമില്ല. നാം സ്മരിക്കേണ്ടത് ഭഗത് സിങ്ങിനെയും സുഖ്‌ദേവിനേയുമാണ്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത ധീരരക്തസാക്ഷികള്‍’എന്നായിരുന്നു പെണ്‍കുട്ടിയുടെ പോസ്റ്റ്. ഈ പോസ്റ്റ് ലൈക് ചെയ്ത് സുഹൃത്തായ രേണുവിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പെണ്‍കുട്ടികളുടെ സ്റ്റാറ്റസ് ജനങ്ങള്‍ക്കിടയില്‍ ശത്രുതയും വെറുപ്പും വര്‍ദ്ധിപ്പിക്കുമെന്നും മറ്റൊരര്‍ത്ഥത്തില്‍ മതവികാരം വ്രണപ്പെടുത്തിയെന്നും കാണിച്ചാണ് അറസ്റ്റ് ചെയ്തത്. ഐ.പി.സി സെക്ഷന്‍ 505, 295(മ), ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് 64(മ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തിരുന്നത്.

ഞായറാഴ്ച അറസ്റ്റ് ചെയ്ത പെണ്‍കുട്ടികളെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇവരെ 15,000 രൂപയുടെ ബോണ്ടില്‍ സ്വന്തം ജാമ്യത്തില്‍ വിടുകയായിരുന്നു.

Advertisement