തിരുവനന്തപുരം: തിരുവനന്തപുരം ലോകോളേജ് വിദ്യാര്‍ഥിയെ പരസ്യമായി അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ പോലീസ് നടപടിയുണ്ടാവാത്തത് ഒരു മന്ത്രി പുത്രന്റെ ഇടപെടല്‍ കൊണ്ടാണെന്ന് പ്രതിപക്ഷം. വിഷയത്തില്‍ പോലീസ് യഥാസമയം കേസെടുത്തില്ലെന്ന് കാണിച്ച് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.

പി.സി. വിഷ്ണുനാഥ് എം.എല്‍.എയാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടി നോട്ടീസ് നല്‍കിയത്. പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചവരില്‍ ഒരാള്‍ മന്ത്രിയുടെ മകനാണെന്നും അതിനാലാണ് പോലീസ് വീഴ്ച വരുത്തിയതെന്നും പി.സി. വിഷ്ണുനാഥ് ആരോപിച്ചു.

സംഭവത്തില്‍ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ സമ്മതിച്ചു. പോലീസ് ഇങ്ങനെയായിരുന്നില്ല കേസ് കൈകാര്യം ചെയ്യേണ്ടിയിരുന്നതെന്നും പ്രശ്‌നം ഗൗരവത്തോടെ കാണുമെന്നും കോടിയേരി പറഞ്ഞു.

കഴിഞ്ഞ ജനുവരി 24നാണ് സംഭവുണ്ടായത്. ഒരു വിദ്യാര്‍ഥി സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്ന താന്‍ കുറച്ച് കാലമായി അതില്‍ നിന്നും വിട്ട് നില്‍ക്കുകയാണെന്നും അതില്‍ പ്രതിഷേധിച്ച് ചിലര്‍ തന്നെ നിരന്തരം ഉപദ്രവിക്കുകയാണെന്നും വിദ്യാര്‍ഥിനി നല്‍കിയ പരാതിയില്‍ പറയുന്നു. റോഡില്‍ തന്നെ ചില വിദ്യാര്‍ഥികള്‍ അപമാനിക്കാന്‍ ശ്രമിച്ചതായാണ് പരാതി. സംഭവമുണ്ടായതിന്റെ പിറ്റേന്ന് തന്നെ വിദ്യാര്‍ഥിനി പോലീസില്‍ പരാതി നല്‍കിയെങ്കിലും മ്യൂസിയം പോലീസ് കേസെടുത്തത് ഫെബ്രുവരി 16നാണ്. ഇതാണ് ഇപ്പോള്‍ ആക്ഷേപത്തിനിടയാക്കിത്.

തനിക്ക് നേരെ ഇതിന് മുമ്പും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും ഒരു മന്ത്രി പുത്രന് അതില്‍ പങ്കുണ്ടെന്നും പരാതിയില്‍ പറയുന്നുണ്ട്. മന്ത്രി പുത്രന്റെ ഫോണ്‍ നമ്പറും പരാതിയില്‍ നല്‍കിയിട്ടുണ്ട്.