തൃശൂര്‍: ട്രെയിനിലെ യാത്രക്കിടയില്‍ ക്രൂരമായ മാനഭംഗത്തിനിരയായ യുവതി മരിച്ചു. ഷൊര്‍ണൂര്‍ മഞ്ഞക്കാവ് സ്വദേശി സൗമ്യയാണ് മരിച്ചത്. പീഡനത്തിനുശേഷം അബോധാവസ്ഥയിലായിരുന്നു യുവതി.

ചൊവ്വാഴ്ച്ച രാത്രി കൊച്ചി-ഷൊര്‍ണൂര്‍ പാസഞ്ചറില്‍ യാത്രചെയ്യവേയാണ് യുവതി പീഡിപ്പിക്കപ്പെട്ടത്. തമിഴ്‌നാട് സ്വദേശി ഗോവിന്ദച്ചാമി എന്നയാള്‍ യുവതിയെ കയറിപിടിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് ബഹളംവെച്ച യുവതിയെ ഇയാള്‍ ട്രെയിനുപുറത്തേക്ക് തള്ളിയിടുകയും വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു.

സൗമ്യയുടെ ചികിത്സാച്ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി ശ്രീമതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് സൗമ്യയുടെ ചികിത്സയ്ക്കായി ന്യൂറോ സര്‍ജന്‍മാരുടെ സംഘമെത്തിയിരുന്നു. എന്നാല്‍ ഉച്ചയോടെ സൗമ്യ മരണത്തിന് കീഴടങ്ങുകയായിരുന്നു.