കോഴിക്കോട്: ഓടികൊണ്ടിരിക്കെ ഓട്ടോറിക്ഷയില്‍ നിന്ന് പുറത്തേക്കു ചാടിയ യുവതികളില്‍ ഒരാളുടെ നില ഗുരുതരമായി തുടരുന്നു. മാനന്തവാടി നല്ലൂര്‍നാട് തകരപ്പള്ളി മാനുവലിന്റെ മകള്‍ ദില്‍ന(19)ക്കാണ് ഗുരുതരമായി പരിക്കേറ്റത്. കൂടെയുണ്ടായിരുന്ന കണ്ണൂര്‍ സ്വദേശിനി ബിവിന(20) ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരും അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.

ഇന്നലെ രാത്രി ജോലി കഴിഞ്ഞു താമസ സ്ഥലത്തേക്ക് ഓട്ടറിക്ഷയില്‍ പോകുമ്പോള്‍ നിര്‍ത്തേണ്ട സ്ഥലത്തു നിര്‍ത്താതെ പോയപ്പോഴാണ് യുവതികള്‍ പുറത്തേക്കു ചാടിയത്. പുറത്തേക്കുള്ള ചാട്ടത്തില്‍ നിലത്തു തലയടിച്ചു വീണ ദില്‍നഅബോധാവസ്ഥയിലായതിനെ തുടര്‍ന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Subscribe Us:

മാവൂര്‍ റോഡിലെ ഫോക്കസ് മാളില്‍ ഇന്റീരിയര്‍ ഡിസൈനിംഗിനൊപ്പം ജോലിയും ചെയ്യുന്ന ഇവര്‍ താമസ സ്ഥലമായ പുതിയറയിലെ ഹോസ്റ്റലിലേക്ക് പോകുമ്പോഴാണ് അപകടം. താമസ സ്ഥലത്തെത്തിയിട്ടും നിര്‍ത്താതെ മുന്നോട്ടു പോയ ഓട്ടോറിക്ഷയില്‍ നിന്നും യുവതികള്‍ പുറത്തേക്ക് ചാടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.

പിന്നീട് കസബ സ്റ്റേഷനില്‍ എത്തിയ ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കസബ സി.ഐ ജിവന്‍ ജോര്‍ജിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇന്ന് രാവിലെ യുവതികള്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയില്‍ എത്തി പോലീസ് ഇവരുടെ മൊഴി എടുത്തിട്ടുണ്ട്.