fire
കോട്ടയം: കോട്ടയം സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷനിലെ പൊള്ളലേറ്റ വിദ്യാര്‍ത്ഥിനിയും ആക്രമിയായ യുവാവും മരിച്ചു. പെണ്‍കുട്ടിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയേയും ആക്രമിച്ച യുവാവിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൊല്ലം സ്വദേശി ആദര്‍ശാണ് പ്രതി. എസ്.എം.ഇ കോളേജിലെ നാലാം സെമന്റര്‍ ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിനിയെയാണ് ഇതേ കോളേജില്‍ നിന്ന് 2013ല്‍ പഠനം പൂര്‍ത്തിയാക്കിയ യുവാവ് ആക്രമിച്ചത്.

ഇന്ന് ക്യാംപസില്‍ സമരമായതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് ഉണ്ടായിരുന്നില്ല. സപ്ലിമെന്ററി പരീക്ഷയെഴുതാന്‍ ക്യാംപസിലെത്തിയ യുവാവ് ഉച്ചയ്ക്ക് ഒരു മണിയോടെ പെണ്‍കുട്ടിയുടെ ക്ലാസിലെത്തി കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ആദ്യം സ്വയം ശരീരത്തിലൊഴിക്കുകയും പിന്നീട് പെണ്‍കുട്ടിയുടെ ശരീരത്തിലൊഴിക്കുകയുമായിരുന്നു.

സഹപാഠികളുടെ മുന്നില്‍ വെച്ചായിരുന്നു സംഭവം. ഭയന്ന പെണ്‍കുട്ടി ക്ലാസില്‍ നിന്നിറങ്ങിയോടി പിന്നാലെ ഓടിയ യുവാവ് ലൈബ്രറിയുടെ സമീപത്ത് വെച്ച് കയ്യില്‍ കരുതിയിരുന്ന ലൈറ്റര്‍ ഉപയോഗിച്ച് പെണ്‍കുട്ടിയുടെ ശരീരത്തിലും പിന്നീട് സ്വന്തം ശരീരത്തിലും തീ കൊളുത്തുകയായിരുന്നു.

ഇരുവരെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അജ്മല്‍, അശ്വിന്‍ എന്നീ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് തീപൊള്ളലേറ്റു.