ധരംശാല: പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തണമെങ്കില്‍ മികച്ച റണ്‍റേറ്റിലൊരു ജയം, അതായിരുന്നു ബാംഗ്ലൂരിനെതിരേ കളിക്കാനിറങ്ങുംമുമ്പ് പഞ്ചാബ് ലക്ഷ്യമിട്ടത്. ക്യാപ്റ്റന്‍ ഗില്‍ക്രിസ്റ്റിന്റെ നേതൃത്വത്തിലുള്ള ബാറ്റ്‌സ്മാന്‍ അത് അക്ഷരംപ്രതി നടപ്പാക്കിയപ്പോള്‍ തുടര്‍ച്ചയായ വിജയങ്ങളുമായെത്തിയ ബാംഗ്ലൂര്‍ ഹതാശരായി. 111 റണ്‍സിന്റെ പടുകൂറ്റന്‍ ജയത്തോടെ പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ പഞ്ചാബിനായി.

ഗില്‍ക്രിസ്റ്റ് എന്ന ആസ്‌ട്രേലിയന്‍ താരത്തിന്റെ വെടിക്കെട്ടായിരുന്നു കളിയുടെ സവിശേഷത. പ്രായമേറെയായെങ്കിലും ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ഗില്ലിയുടെ പ്രകടനം. വെറും 55 പന്തിലാണ് ഗില്ലി 106 റണ്‍സ് അടിച്ചെടുത്തത്. ഒമ്പതുതവണ നിലംതൊടാതെയും എട്ടുതവണ നിലംതൊട്ടും പന്ത് അതിര്‍ത്തിയിലെത്തി.

വാല്‍ത്താട്ടി പുറത്തായശേഷം (20) ക്രീസിലെത്തിയ ഷോണ്‍ മാര്‍ഷും വെടിക്കെട്ടില്‍ പങ്കാളിയായി. 49 പന്തില്‍ 79 റണ്‍സാണ് മാര്‍ഷ് അടിച്ചുകൂട്ടിയത്. ഒടുവില്‍ നിശ്ചിത ഓവര്‍ കഴിയുമ്പോള്‍ പഞ്ചാബ് നേടിയത് 232 റണ്‍സ്.

ബാംഗ്ലൂരിന്റെ റണ്‍മെഷീന്‍ ഗെയ്ല്‍ പൂജ്യത്തിന് പുറത്തായതോടെ പഞ്ചാബ് കളി പകുതി കൈയ്യിലാക്കിയിരുന്നു. തുടര്‍ന്നെത്തിയ ബാറ്റ്‌സ്മാന്‍മാര്‍ക്കൊന്നും മികച്ച പ്രകടനം നടത്താനായില്ല. 34 റണ്‍സെടുത്ത ഡി വില്ലിയേര്‍സും 15 റണ്‍സെടുത്ത കൈഫും മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. പഞ്ചാബിനായി നാലോവറില്‍ 17 റണ്‍സ് വഴങ്ങി നാലുവിക്കറ്റെടുത്ത പീയുഷ് ചൗളയുടെ പ്രകടനവും നിര്‍ണായകമായി. ഗില്‍ക്രിസ്റ്റാണ് കളിയിലെ താരം.