ന്യൂദല്‍ഹി: മാര്‍ച്ച് 30ന് മൊഹാലിയില്‍ ഇന്ത്യയും പാക്കിസ്ഥാനും ലോകകപ്പ് സെമിഫൈനലില്‍ പൊരുതാനിറങ്ങും. കളി തത്സമയം കാണാനെത്തിയിരിക്കുന്ന ആയിരക്കണക്കിന് ആരാധകര്‍ക്കിടയില്‍ വി.ഐ.പി സീറ്റില്‍ രണ്ട് പ്രമുഖ വ്യക്തികളുണ്ടാകും. ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി എന്നിവര്‍.

ഈ അപൂര്‍വ്വ കൂടിക്കാഴ്ച ഇന്ത്യയും പാക്കിസ്ഥാനുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള വേദികൂടിയാകുമോ എന്നാണ് ക്രിക്കറ്റ് ആരാധകരും ജനങ്ങളും ഉറ്റുനോക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചയ്ക്കു പുറമേ ക്രിക്കറ്റ് നയതന്ത്രം മുന്നോട്ടുകൊണ്ടുപോകുന്നതിനെക്കുറിച്ചും പ്രധാനമന്ത്രിമാര്‍ ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. ഇതിനുമുമ്പും ഇന്ത്യയും പാക്കിസ്ഥാനും ക്രിക്കറ്റ് നയതന്ത്രം പരീക്ഷിച്ചിട്ടുണ്ട്. 1987ഫിബ്രവരിയില്‍ പാകിസ്ഥാനിലെ സൈനിക ഭരണാധികാരി ജനറല്‍ സിയാവുള്‍ ഹഖ് രാജസ്ഥാനിലെ ജയ്പൂരില്‍ ക്രിക്കറ്റ് കാണാനെത്തിയിരുന്നു. തുടര്‍ന്ന് ദല്‍ഹിയില്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായി അദ്ദേഹം ചര്‍ച്ച നടത്തുകയും ചെയ്തു.

ഇന്ത്യ പാക് ബന്ധത്തില്‍ അക്കാലത്തുണ്ടായ സ്വരചേര്‍ച്ചയില്ലായ്മ പരിഹരിക്കാന്‍ സിയ മുന്‍കൈയെടുത്തു നടത്തിയ നീക്കമായിരുന്നു അത്. 2005 ഏപ്രിലില്‍ ദല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ല മൈതാനിയില്‍ ഇന്ത്യ-പാക് മത്സരം കാണാന്‍ പാക്കിസ്ഥാനിലെ അന്നത്തെ സൈനിക ഭരണാധികാരി പര്‍വെസ് മുഷറഫ് എത്തുകയുണ്ടായി. പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെ ക്ഷണം സ്വീകരിച്ചായിരുന്നു അത്.

തുടര്‍ന്ന് ഇരുവരും തമ്മില്‍ നടത്തിയ ചര്‍ച്ചയാണു കശ്മീര്‍ പ്രശ്‌നം സംബന്ധിച്ച ഗൗരവമായ ഉഭയകക്ഷി സംഭാഷണങ്ങള്‍ക്ക് അടിത്തറയിട്ടിതെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു. കശ്മീരടക്കമുള്ള തര്‍ക്ക വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള സമഗ്ര സംഭാഷണപ്രക്രിയ അതിനകം തന്നെ ഇരുരാജ്യങ്ങളും ആരംഭിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ മുംബൈ ഭീകരാക്രമണത്തോടെ ഈ പ്രക്രിയ തടസ്സപ്പെട്ടു.

അതിനുശേഷം കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ തിമ്പുവില്‍ നടന്ന ഇന്ത്യ പാക് ആഭ്യന്തരസെക്രട്ടറിമാരുടെ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഈ ചര്‍ച്ചകള്‍ പുനഃരാരംഭിക്കാമെന്ന പ്രഖ്യാപനമുണ്ടായി. ഇതിന്റെ ഭാഗമായുള്ള ആദ്യ ചര്‍ച്ചയാണു തിങ്കള്‍,ചൊവ്വ ദിവസങ്ങളില്‍ ദല്‍ഹിയില്‍ നടക്കുന്നത്.

26/11 ആക്രമണത്തോടെ തടസ്സപ്പെട്ട ഈ പ്രക്രിയ പുനഃരാരംഭിക്കാനുള്ള ഒരു വേദിയാവും ഇന്ത്യ-പാക് സെമിഫൈനല്‍ എന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഇന്ത്യ-പാക് ബന്ധത്തില്‍ വഴിത്തിരിവുണ്ടാക്കുമെന്നും സൂചനയുണ്ട്.

പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗിന്റെ ക്ഷണം സ്വീകരിച്ചാണ് ഗിലാനി കളി കാണാനെത്തുന്നത്. മല്‍സരത്തിനുശേഷം ഇരുപ്രധാനമന്ത്രിമാരും തമ്മില്‍ ഔപചാരിക ചര്‍ച്ച നടത്തിയേക്കുമെന്ന് ടെലികോം മന്ത്രി കപില്‍ സിബല്‍ അറിയിച്ചിട്ടുണ്ട്.

മത്സരം കാണാന്‍ ക്ഷണിച്ചുകൊണ്ട് പ്രധാനമന്ത്രി ഗിലാനിക്കും, പ്രസിഡന്റ് ആസിഫലി സര്‍ദാരിക്കും കത്തയക്കുകയായിരുന്നു. ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയും പാക്കിസ്ഥാനും ലോകകപ്പില്‍ സെമിയില്‍ പരസ്പരം ഏറ്റമുട്ടുന്നത്. അത് മറ്റൊരു ചരിത്രത്തിന് അടിത്തറപാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.