watch video കുതിച്ച് ചാടിയ സിംഹത്തിന്റെ വായില്‍ നിന്ന് ജീവന്‍ തിരിച്ചുപിടിച്ച ഗീതാഞ്ജലി ചുവടുറപ്പിക്കാന്‍ വീണ്ടും കളരിമുറ്റത്ത്. അന്ന് വാരിയെല്ല് നാലും ഒടിഞ്ഞെങ്കിലും ജീവന്‍ രക്ഷിച്ചത് കളരി തന്നെയെന്ന് അവര്‍ പറയുന്നു. കളരി ചികിത്സയിലൂടെ പഴയ ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തു. ഈസ്റ്റ്ഹില്‍ സി വി എന്‍ കളരി സംഘത്തിലാണ് പത്രപ്രവര്‍ത്തക കൂടിയായി ഗീതാഞ്ജലി പരിശീലനത്തിലെത്തിയത്.

ടൊറാന്‍േറായ്ക്കടുത്തുള്ള ഒരു ഫോട്ടോ ലൊക്കേഷനില്‍ ദേസി ലൈഫ് എന്ന മാഗസിന്റെ കവറിനായി കളരിപ്പയറ്റ് ചുവടുകള്‍ പോസ് ചെയ്യുന്നതിനിടെയാണ് ഗീതാഞ്ജലിക്ക് നേരെ ആക്രമണമുണ്ടായത്. മൃഗങ്ങളുടെ പശ്ചാത്തലത്തില്‍ ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി പുറകില്‍ നിന്ന് സിംഹം ആക്രമിക്കുകയായിരുന്നു. എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന് മുമ്പ് സിംഹത്തിന്റെ കടിയേറ്റു. വാരിയെല്ലിന് പരിക്കുകളോടെ രക്ഷപ്പെട്ടു.

ഗീതാഞ്ജലിയുടെ അമ്മ മാവേലിക്കര സ്വദേശിയും അച്ഛന്‍ തമിഴ്‌നാട് സ്വദേശിയുമാണ്. ഇരുവരും വിവാഹശേഷം കാനഡയിലേക്ക് കുടിയേറുകയായിരുന്നു. ആദ്യം കോട്ടയത്ത് ഗോപി ഗുരുക്കളോടൊത്തായിരുന്നു കളരിയഭ്യാസം. ഇപ്പോള്‍ കോഴിക്കോട്ട് വിജയന്‍ ഗുരുക്കളുടെ ശിക്ഷണത്തിലാണ് തുടര്‍ പഠനം. നേരിട്ട് കോഴിക്കോടെത്തിയോ അല്ലെങ്കില്‍ ഗുരുക്കളുടെ ഫ്രാന്‍സിലുള്ള ശിഷ്യന്‍ ബിനോയിയുടെ കീഴിലോയാണ് പഠനം. 55 വയസുള്ള ഗീതാഞ്ജലി മകനും സുഹൃത്തിനുമൊപ്പമാണ് പഠനത്തിനെത്തിയത്.

കഴിഞ്ഞ ഫിബ്രവരി മുതല്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ കോളമെഴുതുന്നുണ്ട് അവര്‍. ഇന്ത്യയുടെ സംസ്‌കാരത്തെക്കുറിച്ച് കള്‍ച്ചറല്‍ ഷോക്ക് എന്ന പുസ്തകം എഴുതിയിട്ടുണ്ട്.