എഡിറ്റര്‍
എഡിറ്റര്‍
ഗസല്‍ ചക്രവര്‍ത്തി മെഹദി ഹസന്‍ അന്തരിച്ചു
എഡിറ്റര്‍
Wednesday 13th June 2012 2:09pm

കറാച്ചി : വിഖ്യാത ഗസല്‍ ഗായകന്‍ മെഹദി ഹസന്‍ അന്തരിച്ചു. എണ്‍പത്തിനാല് വയസ്സായിരുന്നു.ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് പാക്കിസ്ഥാനിലെ ആഗാ ഖാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു . ഇന്നുച്ചയോടെയായിരുന്നു അന്ത്യം. .

സ്വാതന്ത്ര്യാനന്തരം പാക്കിസ്ഥാനിലേക്ക് കുടിയേറിയ രാജസ്ഥാനിലെ ഒരു സംഗീത കുടുംബത്തില്‍ 1927 ലായിരുന്നു മെഹദിയുടെ ജനനം. ഹിന്ദുസ്ഥാനി സംഗീതത്തിലെ ആദ്യകാല കുലപതിയായിരുന്ന ഉസ്താദ് അസിം ഖാന്റെയും അമ്മാവനായ ഉസ്താദ് ഇസ്മായില്‍ ഖാന്റെയും ശിഷ്യണത്തില്‍ ആറാമത്തെ വയസ്സില്‍ സംഗീതം അഭ്യസിച്ചു തുടങ്ങി.

എട്ടാമത്തെ വയസ്സില്‍ ജയ്പൂര്‍ രാജസദസ്സില്‍ നടത്തിയ കച്ചേരിയോടെ കൊട്ടാരത്തിലെ ആസ്ഥാന കവിയാവുകയായിരുന്നു. പിന്നീട് ആസ്വാദക ലോകം കണ്ടത് ഗസല്‍ ലോകത്തെ പുതിയ താരോദയമായിരുന്നു.

ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് എണ്‍പതുകളുടെ അവസാനത്തോടെ അദ്ദേഹം സംഗീത ലോകത്തു നിന്ന് വിട്ടു നിന്നിരുന്നു. പിന്നീട് രോഗം മൂര്‍ച്ഛിച്ചതോടെ പൂര്‍ണ്ണമായും പിന്‍വാങ്ങിയ മെഹദിയുടെ പല ഗസലുകളും ഇന്നും ആരാധകര്‍ നെഞ്ചിലേറ്റുന്നവയാണ്.

ആര്‍ദ്രമായ ശബ്ദവും വികാരനിര്‍ഭരമായ ഗാനങ്ങളുമാണ് മെഹദി ഗസലുകളുടെ പ്രത്യേകത. റേഡിയോയിലൂടെയാണ് മെഹദിയുടെ ശബ്ദം ആസ്വാദകര്‍ കേട്ടുതുടങ്ങിയത്‌. തുമ്രിയും ഗസലുകളും പാടി ആസ്വാദകരെ കയ്യിലെടുത്ത മെഹദി ഹസന്‍ ഗസല്‍ ലോകത്തെ രാജാക്കന്മാരായിരുന്ന ഉസ്താദ് ബര്‍ക്കത്ത് അലിഖാന്‍, ബീഗം അക്തര്‍, മുക്താര്‍ ബീഗം എന്നിവരുടെ ശ്രേണിയിലേക്ക് കടന്നുവരികയായിരുന്നു.

ഇന്ത്യയിലും അനേകം ആരാധകരുള്ള മെഹദി ഹസന്‍ 2000 ലാണ് അവസാനമായി ഇന്ത്യ സന്ദര്‍ശിച്ചത്‌. 1979 ല്‍ ഇന്ത്യല്‍ നിന്നും സൈഗാള്‍ അവാര്‍ഡും 83 ല്‍ നേപ്പാള്‍ ഗൂര്‍ഖ ദക്ഷിണ്‍ ബാഹു പുരയിസ്‌കാരവും 99 ല്‍ നൂറ്റാണ്ടിലെ ഗായകനുളള പുരസ്‌കാരവും 2000 ല്‍ സഹസ്രാബ്ദത്തിലെ ഏറ്റവും നല്ല സ്വരമാധുരിക്കുള്ള പുരസ്‌കാരവും അദ്ദേഹത്തിനെ തേടിയെത്തി.

1950 മുതല്‍ 70 വരെയുള്ള കാലഘട്ടങ്ങള്‍ മെഹദിയുടേത് മാത്രമായിരുന്നു. ആരാധകരെ ഭ്രമിപ്പിച്ച വര്‍ഷങ്ങളായിരുന്നു ഇത്. 1963 ല്‍ പുറത്തിറങ്ങിയ സഹാറ ഗാനശൈലി അദ്ദേഹം രൂപം കൊടുത്തതായിരുന്നു.

Advertisement