എഡിറ്റര്‍
എഡിറ്റര്‍
വീടിന് വെളിച്ചം പകരാന്‍
എഡിറ്റര്‍
Monday 29th October 2012 4:47pm

മാറുന്ന ട്രെന്റിനനുസരിച്ച് വീടിന് നിറങ്ങള്‍ നല്‍കാന്‍ എല്ലാവരും ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ വീട്ടിലെ ഓരോ മുറിക്കും ഇണങ്ങുന്ന വെളിച്ചം ഏതൊക്കെയാണെന്നതിനെ കുറിച്ച് ആര്‍ക്കും ഒരു പിടിയുമില്ല. മാത്രമല്ല, അങ്ങനെയൊക്കെ ഉണ്ടോ എന്നാവും പലരുടേയും സംശയം. യോജിച്ച നിറം മാത്രമല്ല യോജിച്ച ലൈറ്റിങ്ങും വീടിനും വീട്ടുകാര്‍ക്കും കൂടുതല്‍ ഉന്മേഷം നല്‍കും.

Ads By Google

ലിവിങ് റൂം:

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ലിവിങ് റൂം ഫ്രഷ് ആയിരിക്കാന്‍ ലൈറ്റിങ്ങും വളരെ പ്രധാനപ്പെട്ടതാണ്. സെന്‍ട്രല്‍ സോഴ്‌സ് ബ്രൈറ്റ് ലൈറ്റാണ് ലിവിങ് റൂമിന് നല്ലത്. ഇതിന് മാറ്റ് കൂട്ടാന്‍ കോര്‍ണര്‍ ലൈറ്റിങ്ങും കൂടി സെറ്റ് ചെയ്താല്‍ ലിവിങ് റൂം ലിവിങ്ങായി നില്‍ക്കും. അല്‍പ്പം ആര്‍ഭാഢം തോന്നിപ്പിക്കാന്‍ ടേബിള്‍ ലാമ്പും ഫ്‌ളോര്‍ ലാമ്പും മതിയാകും. ഏത് ലൈറ്റ് തിരഞ്ഞെടുത്താലും അത് ക്രമീകരിക്കുന്ന വിധമാണ് മുറിയെ ആകര്‍ഷണീയമാക്കുന്നത്. ലിവിങ് റൂമില്‍ വലിയ കണ്ണാടി ശരിയായി ക്രമീകരിച്ചാല്‍ മുറിക്ക് കൂടുതല്‍ പ്രകാശം ലഭിച്ചതായി തോന്നും.

ചുമരുകളില്‍ പെയിന്റിങ്ങുകളും മറ്റുമുണ്ടെങ്കില്‍ അത് ലൈറ്റിനെ ഫോക്കസ് ചെയ്ത് വെക്കാന്‍ ശ്രദ്ധിക്കണം.

ബെഡ്‌റൂം:

വീട്ടിലെ സ്വകാര്യമായ ഇടമാണ് കിടപ്പുമുറി. ദിവസം മുഴുവന്‍ ജോലി ചെയ്ത് ക്ഷീണിച്ചെത്തുമ്പോള്‍ കിടപ്പുമുറിയിലെ പ്രകാശം നിങ്ങളെ കൂടുതല്‍ അലോസരപ്പെടുത്തിയാലോ… മൂഡ് ലൈറ്റാണ് കിടപ്പുമുറിയില്‍ കൂടുതല്‍ അനുയോജ്യം. മുറിയുടെ പ്രത്യേക സ്ഥലങ്ങളില്‍ പ്രത്യേക ലൈറ്റിങ്ങും ക്രമീകരിക്കാം. കിടപ്പുമുറിക്ക് ഒരു റൊമാന്റിക് ടച്ച് നല്‍കാന്‍ കാന്റില്‍സ്, റാന്തല്‍ എന്നിവയും ഉപയോഗിക്കാം. ഇത് കണ്ണിന് ആയാസവും മുറിക്ക് റൊമാന്റിക് ലുക്കും നല്‍കും.

അടുക്കള:

ദിവസം ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കേണ്ട ഒരിടം അടുക്കളയാണ്. ഉന്മേഷത്തോടെ ജോലി ചെയ്യാന്‍ നല്ല പ്രകാശമുള്ള സ്ഥലമായിരിക്കണം അടുക്കള. അടുക്കളയില്‍ പൊതുവേ അണ്ടര്‍ ക്യാബിനറ്റ് ലൈറ്റാണ് നല്ലത്. ഈ ലൈറ്റിന് നിഴല്‍ ഇല്ലാത്തതിനാല്‍ കൂടുതല്‍ പ്രകാശം തോന്നിക്കും.

കുട്ടികള്‍ക്കുള്ള മുറി:

വികൃതിക്കുട്ടന്മാര്‍ക്കുള്ള മുറിയും ഉന്മേഷമുള്ളതായിരിക്കണം. ഇവിടെ കൂടുതല്‍ പ്രകാശമുള്ള ലൈറ്റാണ് ഉപയോഗിക്കേണ്ടത്. കുട്ടികള്‍ ലൈറ്റ് ഓഫ് ചെയ്യാന്‍ സാധ്യതയില്ലാത്തതിനാല്‍ സി.എഫ്.എല്‍ ബള്‍ബുകള്‍ ഉപയോഗിക്കുന്നതാവും നല്ലത്.

Advertisement