ബെര്‍ലിന്‍: 2022 ആകുമ്പോഴേക്കും രാജ്യത്തെ എല്ലാ ആണവനിലയങ്ങളും പൂട്ടുമെന്ന് ജര്‍മ്മനി. ഫുക്കുഷിമ ആണവ ദുരന്തത്തിന്റെ ഭീകരതയാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ വ്യാവസായിക രാഷ്ട്രമായ ജര്‍മ്മനിയെ പ്രേരിപ്പിച്ചിരിക്കുന്നത്.

പഴക്കം ചെന്ന എട്ട് റിയാക്ടറുകള്‍ ഈവര്‍ഷം അവസാനിക്കുമ്പോഴേക്കും പൂട്ടുമെന്ന് പരിസ്ഥിതി മന്ത്രി നൊബേര്‍ട്ട് റൊട്ടെഗന്‍ പറഞ്ഞു. 2022 ആകുമ്പോഴേക്കും രാജ്യത്തെ 17 ആണവനിലയങ്ങളും പൂര്‍ണ്ണമായും പൂട്ടാനാണ് തീരുമാനം. പൂട്ടിയ ആണവനിലയങ്ങളൊന്നും എന്തുസാഹചര്യമുണ്ടായാലും റീ ആക്ടിവേറ്റ് ചെയ്യില്ലെന്നും പരിസ്ഥിതി മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ ജര്‍മ്മനിയുടെ തീരുമാനത്തെ ആശ്ചര്യത്തോടെയാണ് ലോകരാഷ്ട്രങ്ങള്‍ കാണുന്നത്. രാജ്യത്തെ 17 റിയാക്ടറുകളുടേയും കാലാവധി 12 വര്‍ഷം കൂടി നീട്ടാന്‍ കഴിഞ്ഞവര്‍ഷം ചാന്‍സലര്‍ ഏയ്‌ഞ്ചെല മെര്‍ക്കല്‍ തീരുമാനിച്ചിരുന്നു.

എന്നാല്‍ ഇതിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് ആണവനയം മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.