Categories

ജര്‍മനി @ നമ്പര്‍ 3

പോര്‍ട്ട് എലിസബത്ത്: ഈ പോളിനെക്കൊണ്ട് ജര്‍മന്‍കാര്‍ തോറ്റു. ഡിയാഗോ ഫോര്‍ലാന്‍ എന്ന ഉറുഗ്വേ മുന്നേറ്റതാരം അവസാന മിനുറ്റില്‍ തോടുത്ത ഫ്രീ കിക്ക് ബാറില്‍ തട്ടിത്തെറിച്ചപ്പോള്‍ ഫുട്‌ബോള്‍ പ്രേമികള്‍ ഒന്നടങ്കം പറഞ്ഞു, പോള്‍ യു ആര്‍ റൈറ്റ്. ഭാഗ്യത്തിന്റെ അകമ്പടിയോടെ ജര്‍മനി 3-2 ന് ഉറുഗ്വേയെ തോല്‍പ്പിച്ച് ലോകകപ്പിലെ മൂന്നാം സ്ഥാനം സ്വന്തമാക്കി.

മികച്ച ഫുട്‌ബോളായിരുന്നു പോര്‍ട്ട എലിസബത്ത് സ്‌റ്റേഡിയത്തില്‍ ജര്‍മനിയും ഉറുഗ്വേയും കാഴ്ച്ചവെച്ചത്. മഞ്ഞക്കാര്‍ഡ് ലഭിച്ചതിനെത്തുടര്‍ന്ന് സെമിയില്‍ കളിക്കാതിരുന്ന മുള്ളര്‍ തന്നെ ജര്‍മന്‍ ഗോള്‍വേട്ടക്ക് തുടക്കമിട്ടു. 18 ാം മിനുറ്റിലായിരുന്നു മുള്ളര്‍ ഈ ലോകകപ്പിലെ തന്റെ അഞ്ചാം ഗോള്‍ കണ്ടെത്തിയത്. ഇതോടെ ടോപ് സ്‌കോറര്‍ക്കുള്ള മല്‍സരത്തില്‍ മുള്ളര്‍ സ്‌നൈഡര്‍ക്കും വിയ്യക്കുമൊപ്പമെത്തി. പത്ത് മിനുറ്റിനുള്ളില്‍ കവാനി ഉറുഗ്വേയുടെ സമനില ഗോള്‍ നേടി. സുവാരസിന്റെ പാസില്‍ നിന്നായിരുന്നു ഗോള്‍.

രണ്ടാം പകുതിയില്‍ ഗോളടിയന്ത്രം ഫോര്‍ലാന്‍ ഉറുഗ്വേയെ മുന്നിലെത്തിച്ചു. ഇതോടെ ഫോര്‍ലാന്റെയും ഗോള്‍സമ്പാദ്യം അഞ്ചായി ഉയര്‍ന്നു. അരവാലയുടെ ക്രോസ് ഹാഫ് വോളിയിലൂടെയാണ് ഫോര്‍ലാന്‍ വലയിലെത്തിച്ചത്. ഫോര്‍ലാന്റെ പ്രതിഭ വ്യക്തമാക്കുന്നതായിരുന്നു ഗോള്‍.എന്നാല്‍ മാഴ്‌സല്‍ യാന്‍സണ്‍ 56 ാം മിനുറ്റില്‍ ജര്‍മനിക്ക് സമനില നല്‍കി. കളിതീരാന്‍ മിനുറ്റുകള്‍ ബാക്കിനില്‍ക്കെ ഉറുഗ്വേയുടെ പോസ്റ്റില്‍ നടന്ന കൂട്ടപ്പൊരിച്ചിലിനിടെയില്‍ ഉയര്‍ന്ന പന്ത് ഖദീര തലകൊണ്ട് ചെത്തി വലയിലാക്കി. കളിതീരാന്‍ സെക്കന്റുകള്‍ ബാക്കി നില്‍ക്കെ ഫോര്‍ലാന്റെ ഫ്രീകിക്ക് പോസ്റ്റില്‍ തട്ടിത്തെറിച്ചതോടെ ജര്‍മനി മൂന്നാംസ്ഥാനം സ്വന്തമാക്കി.


മികച്ച ചില വ്യക്തിഗത പ്രകടനങ്ങളുടെ പേരിലാണ് ലൂസേഴ്‌സ് ഫൈനല്‍ ഓര്‍മ്മിക്കപ്പെടുക. അഞ്ച് ഗോളോടെ ജര്‍മനിയുടെ ഇരുപതുകാരന്‍ മുള്ളറും ഉറുഗ്വേയ് ഗോളടിയന്ത്രം ഫോര്‍ലാനും ഫുട്‌ബോള്‍ ആരാധകരുടെ മനം കവര്‍ന്നു. തോറ്റെങ്കിലും ലാറ്റിനമേരിക്കയുടെ പ്രതിനിധികളായി അവസാനം വരെ പോരുതി എന്നതില്‍ ഉറുഗ്വേയ്ക്ക അഭിമാനിക്കാം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.