ബര്‍ലിന്‍ : രാജ്യത്തെ മുസ്‌ലിംകള്‍ക്ക് സാമൂഹിക ജീവിതം നിഷേധിക്കരുതെന്ന് ജര്‍മന്‍ പ്രസിഡന്റ് ക്രിസ്ത്യന്‍ വൂള്‍ഫ്. നാല്‍പത് ലക്ഷം വരുന്ന മുസ്‌ലിംകള്‍ക്ക് പൊതു സമൂഹത്തോട് ചേര്‍ന്ന് ജീവിക്കാന്‍ അവസരമൊരുക്കണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു. ജര്‍മന്‍ ഏകീകരണത്തിന്റെ 20ാം വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ് ലാം ഇപ്പോള്‍ ജര്‍മനിയുടെ ഭാഗമാണ്. എന്നിരുന്നാലും ജര്‍മന്‍ ഏകീകരണത്തിന്റെ 20 വര്‍ഷം പിന്നിടുമ്പോഴും രാജ്യത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ജര്‍മന്‍ സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ലെന്നത് യാഥാര്‍ഥ്യമാണ്. ഈ യാഥാര്‍ഥ്യത്തെ അഭിസംബോധന ചെയ്യാതെ രാജ്യത്തിന് മുന്നോട്ട് പോകാന്‍ ആവില്ലെന്നും ക്രിസ്ത്യന്‍ വൂള്‍ഫ് പറഞ്ഞു.