ന്യൂദല്‍ഹി:ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍ ഇന്ന് ദല്‍ഹിയിലെത്തും. ജര്‍മനിയും ഇന്ത്യയുംതമ്മില്‍ നയതന്ത്ര ബന്ധങ്ങള്‍ സ്ഥാപിച്ചതിന്റെ അറുപതാംവാര്‍ഷികത്തില്‍ അന്താരാഷ്ട്രധാരണയ്ക്കുള്ള ജവഹര്‍ലാല്‍ നെഹ്രു അവാര്‍ഡ് സ്വീകരിക്കുന്നതിനാണ് ആഞ്ജല ദല്‍ഹിയിലെത്തുന്നത്.

വൈകുന്നേരം രാഷ്ട്രപതിഭവനില്‍വെച്ച് നടക്കുന്ന ചടങ്ങില്‍ മെര്‍ക്കല്‍ രാഷ്ട്രപതിയില്‍നിന്നും അവാര്‍ഡ് സ്വീകരിക്കും.

മെര്‍ക്കലിനൊപ്പം ആറ് ക്യാബിനറ്റ് മന്ത്രിമാരും സഹമന്ത്രിമാരും വന്‍വ്യവസായ സംഘവും എത്തുന്നുണ്ട്. ഇരുരാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷിചര്‍ച്ച നടത്താനും കരാറുകള്‍ ഉണ്ടാക്കുന്നതിനും ഈ അവസരം പ്രയോജനപ്പെടുത്തുമെന്നാണ് സൂചന. പ്രതിരോധം, ഭീകരവിരുദ്ധപ്രവര്‍ത്തനങ്ങള്‍ എന്നിവയും ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്യും.

യൂറോപ്പില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളിയായ ജര്‍മനിയില്‍നിന്നും ഇന്ത്യ തേടുന്നത് സഹായധനമല്ലെന്നും ശാസ്ത്ര-സാങ്കേതികരംഗത്തെ സഹകരണമാണെന്നും വിദേശമന്ത്രാലയ വക്താവ് വിഷ്ണുപ്രകാശ് വ്യക്തമാക്കി.