വാഷിങ്ടണ്‍: അല്‍ഖയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതായുള്ള വാര്‍ത്തകളോട് മുന്‍ യു.എസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് പ്രതികരിച്ചു. ബരാക് ഒബാമയെ അഭിനന്ദിക്കുന്നുവെന്നാണ് വാര്‍ത്തയോട് ബുഷ് ആദ്യമായി പ്രതികരിച്ചത്. വിവരം തന്നെ ഒബാമ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

അമേരിക്കയുടെ വിജയത്തിലെ നിര്‍ണ്ണായകമായ ഒരു സമയമാണിത്. ലോകത്ത് സമാധാനം ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും സെപ്തംബര്‍ 11ന്റെ ആക്രമണത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടവര്‍ക്കും ഇത് ശുഭകരമായ വാര്‍ത്തയാണ്.

സമയം വൈകിയാലും നീതി നടപ്പാകുമെന്ന വ്യക്തമായ സന്ദേശമാണിത് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജോര്‍ജ് ബുഷിന്റെ ഭരണകാലത്താണ് സെപ്തംബര്‍ 11 ആക്രമണമുണ്ടാകുന്നതും തുടര്‍ന്ന് അഫ്ഗാനിസ്ഥാനിലും ഇറാഖിലും അമേരിക്ക ആക്രമണം നടത്തുന്നതും. ലാദനെ ഉപകരണമാക്കി അമേരിക്ക സാമ്പത്തിക ലക്ഷ്യങ്ങളോടെയാണ് ഈ ആക്രമണം നടത്തിയതെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.