കൊച്ചി: സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പായി മാര്‍ ജോര്‍ജ് ആലഞ്ചേരി അഭിഷിക്തനായി. എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലാണ് സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നത്. എറണാകുളം-അങ്കമാലി അതിമെത്രാസന മന്ദിരത്തില്‍ ഉച്ചകഴിഞ്ഞ് ഒന്നരയ്ക്ക് നിയുക്ത മേജര്‍ ആര്‍ച്ച് ബിഷപ്പിന് സ്വീകരണം നല്‍കി. രണ്ടരയ്ക്ക് ബസിലിക്കയില്‍ കത്തിച്ച മെഴുകുതിരികളോടെ മാര്‍ ആലഞ്ചേരിയെ സ്വീകരിച്ചാനയിച്ചു. തുടര്‍ന്നാണ് സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് തുടക്കമായത്. ചടങ്ങുകളുടെ ആദ്യഭാഗത്തിന് സീറോ മലബാര്‍ സഭയുടെ അഡ്മിനിസ്‌ട്രേറ്ററായിരുന്ന ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍ മുഖ്യകാര്‍മികത്വം വഹിച്ചു.

കാലംചെയ്ത മാര്‍ വര്‍ക്കി വിതയത്തിലിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് സാല്‍വത്തോറെ പെനാക്യോ, മാര്‍ ജോര്‍ജ് ആലഞ്ചേരിയെ മേജര്‍ ആര്‍ച്ച് ബിഷപ്പാക്കികൊണ്ടുള്ള പോപ്പ് ബെനഡിക്റ്റ് പതിനാറാമന്റെ സന്ദേശം വായിച്ചു.

ഇന്ത്യയിലെ ലത്തീന്‍ മെത്രാന്‍ സമിതി അധ്യക്ഷന്‍ കര്‍ദിനാള്‍ ടെലസ്‌ഫോര്‍ ടോപ്പോ, സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ് ബസേലിയോസ് മാര്‍ ക്ലിമ്മിസ്, സീറോ മലബാര്‍ സഭയുടെ ആര്‍ച്ച് ബിഷപ്പുമാര്‍, ബിഷപ്പുമാര്‍ തുടങ്ങിയവര്‍ ചടങ്ങുകളില്‍ സഹകാര്‍മ്മികരായിരുന്നു. സ്ഥാനാരോഹണ ചടങ്ങില്‍ കേന്ദ്രമന്ത്രി കെ.വി തോമസ്, മന്ത്രിമാരായ കെ.സി ജോസഫ്, കെ.ബാബു, കൊച്ചി മേയര്‍ ടോണി ചമ്മിണി, എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍, സഭയിലെ നൂറുകണക്കിന് വൈദീകര്‍, സന്ന്യാസി – സന്ന്യാസിനികള്‍, അല്‍മായര്‍ ഉള്‍പ്പെടെ നിരവധി പേര്‍ സന്നിഹിതരായിരുന്നു.

ബസിലിക്കയിലെ മദ്ബഹയില്‍ സ്ഥാന ചിഹ്നങ്ങളോടെ ഉപവിഷ്ടനാകുന്ന മാര്‍ ജോര്‍ജ് ആലഞ്ചേരി ശുശ്രൂഷകളുടെ രണ്ടാം ഭാഗത്തിന് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. കുര്‍ബാനയ്ക്കിടെയാണ് സുവിശേഷ പ്രഘോഷണം നടന്നത്. ആര്‍ച്ച് ബിഷപ്പ് സാല്‍വത്തോറെ പെനാക്യോ, കര്‍ദിനാള്‍ ടെലസ്‌ഫോര്‍ ടോപ്പോ, സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ് ബസേലിയോസ് മാര്‍ ക്ലിമ്മിസ് എന്നിവര്‍ കുര്‍ബാനയ്ക്ക് ശേഷം ആശംസകള്‍ അര്‍പ്പിക്കും. സ്ഥാനാരോഹണ ചടങ്ങില്‍ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പ് സുവിശേഷ പ്രഘോഷണം നടത്തും.

സീറോ മലബാര്‍ സഭാ സിനഡ് യോഗമാണ് തമിഴ്‌നാട്ടിലെ തക്കല രൂപതയുടെ ബിഷപ്പായിരുന്ന മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പായി തെരഞ്ഞെടുത്തത്. സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് വോട്ടെടുപ്പിലൂടെ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കുന്നത്. 29 രൂപതകളുള്ള സീറോ മലബാര്‍ സഭയുടെ സിനഡില്‍ ആര്‍ച്ച് ബിഷപ്പുമാരും ബിഷപ്പുമാരും ഉള്‍പ്പെടെ 44 പേരാണ് വോട്ടു രേഖപ്പെടുത്തിയത്. വിശ്രമജീവിതം നയിക്കുന്ന മാര്‍ ജോണ്‍ പെരുമറ്റവും മാര്‍ മാത്യു വട്ടക്കുഴിയും ആരോഗ്യപരമായ കാരണങ്ങളാല്‍ വോട്ടെടുപ്പില്‍ പങ്കെടുത്തിരുന്നില്ല. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആലഞ്ചേരി എറണാകുളം – അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തയാവും.