ന്യൂദല്‍ഹി: ജനനത്തീയതി 1951 മേയ് 10 ആയി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് കരസേനാമേധാവി ജനറല്‍ വി.കെ.സിംഗ് സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. രേഖകളാണ് പ്രധാനമെന്നും കരസേനാ മേധാവിയുടെ സത്യസന്ധതയെ സംശയിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

ഹരജി പിന്‍വലിക്കാന്‍ രണ്ടു മണി വരെ കോടതി സമയം നല്‍കിയിരുന്നെങ്കിലും ആ സമയത്തിനുള്ളില്‍ ഹരജി പിന്‍വലിച്ചിരുന്നില്ല. കോടതി ഉത്തരവിനെ തുടര്‍ന്ന് അദ്ദേഹം പിന്നീട് ഹരജി പിന്‍വലിച്ചു. കരസേനാ മേധാവിയും സര്‍ക്കാറും പരസ്യമായി വിഴുപ്പലക്കരുതെന്നും കോടതി പറഞ്ഞിട്ടുണ്ട്.

എന്തുകൊണ്ട് വി.കെ.സിംഗ് യു.പി.എ.സിയില്‍ ജനന തീയതി 1951 ആണെന്ന് തിരുത്തിയില്ലെന്ന് കോടതി ചോദിച്ചു. ഇന്ത്യന്‍ മിലിറ്ററി അക്കാദമിയിലും നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലും ചേരുന്നതിനായി നല്‍കിയത് ജനനവര്‍ഷം 1950 എന്നാണെന്നും കോടതി ചൂണ്ടിക്കാട്ടി.

1950 ആണ് ജനന വര്‍ഷമെന്ന പ്രതിരോധ മന്ത്രാലയത്തിന്റെ നിലപാടിനെ ചോദ്യം ചെയ്ത് വി.കെ സിംഗ് കോടതിയെ സമീപിക്കുകയായിരുന്നു. സിംഗിന്റെ ഹരജി പിന്‍വലിപ്പിച്ചാണ് ഇപ്പോള്‍ കേസില്‍ തീര്‍പ്പുണ്ടാക്കിയിരക്കുന്നത്.

2006ലാണ് വിവാദങ്ങളുടെ തുടക്കം. പ്രമോഷനുമായി ബന്ധപ്പെട്ട് സിംഗിന്റെ റെക്കോര്‍ഡ്‌സ് പരിശോധിച്ചപ്പോഴാണ് ജനനതീയ്യതിയിലെ വൈരുദ്ധ്യം ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. ആ സമയത്ത് പ്രമോഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കുന്ന മിലിറ്ററി സെക്രട്ടറിയില്‍ നിന്നും ഇക്കാര്യത്തില്‍ വിശദീകരണം തേടിയിരുന്നു. 1950 ആയിരുന്നു മിലിറ്ററി സെക്രട്ടറിയുടെ കൈവശമുണ്ടായിരുന്നു ജനനവര്‍ഷം. ഇതുതന്നെയാണ് പ്രതിരോധമന്ത്രാലയത്തിന്റെ പക്കലമുണ്ടായിരുന്നത്. ഈ തീയ്യതി പ്രകാരം 2012 മേയ് 31 ന് സിംഗ് വിരമിക്കണം.

എന്നാല്‍ മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രകാരം സിംഗിന്റെ  1951 മേയ് 10നാണ് സിംഗ് ജനിച്ചത്. ഇതാണ് തന്റെ ശരിയായ ജനനതീയതിയെന്നാണ് അദ്ദേഹം പറയുന്നത്.

1950 ജനന വര്‍ഷമായി സ്വീകരിക്കണമെന്നും ഇല്ലെങ്കില്‍ അച്ചടക്ക നടപടി ഉണ്ടാവുമെന്നും കരസേനാ ആസ്ഥാനത്തു നിന്ന് സിംഗിന് കത്തു നല്‍കി. ഏതു തീരുമാനവും അംഗീകരിക്കാമെന്ന മറുപടിയാണ് അന്ന് സിംഗ് നല്‍കിയത്. എന്നാല്‍ പിന്നീട് സിംഗ് ഇക്കാര്യം പ്രതിരോധ മന്ത്രി എ.കെ ആന്റണിയുടെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍ സിംഗിന്റെ ആവശ്യം അദ്ദേഹം തള്ളുകയായിരുന്നു. ഇതേ തുടര്‍ന്നാണ് സിംഗ്  സുപ്രീംകോടതിയെ സമീപിച്ചത്.

Kerala News In English