എഡിറ്റര്‍
എഡിറ്റര്‍
ജനനത്തീയതി വിവാദം: വി.കെ സിങ് സുപ്രീം കോടതിയോട് മാപ്പ് ചോദിച്ചു
എഡിറ്റര്‍
Tuesday 19th November 2013 11:46am

v-k-singh

 

ന്യൂദല്‍ഹി: ജനനത്തീയതി വിവാദവുമായി ബന്ധപ്പെട്ട് മുന്‍ സൈനിക മേധാവി ജനറല്‍ വി.കെ സിങ് സുപ്രീം കോടതിയോട് മാപ്പ് പറഞ്ഞു.

നിയമസംവിധാനങ്ങളെയോ ജഡ്ജിമാരെയോ അപമാനിക്കണമെന്ന് കരുതിയിരുന്നില്ലെന്നും അവര്‍ ദൈവ തുല്യരാണെന്നും വി.കെ സിങ് പറഞ്ഞു.

വയസ്സ് തിരുത്തിയ കേസില്‍ തനിക്കെതിരെയുണ്ടായ കോടതിവിധിക്കെതിരെ പ്രസ്താവന നടത്തിയ വി.കെ. സിങ്ങിനെ സുപ്രീംകോടതി ശക്തമായി വിമര്‍ശിച്ചിരുന്നു.

വിധിക്കു പിന്നില്‍ ഉദ്ദേശ്യമുണ്ടെന്ന് വരുത്തി കോടതിയെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ഓര്‍മിപ്പിച്ച സുപ്രീംകോടതി പിന്നീട് വി.കെ. സിങ്ങിനെതിരെ കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ടുപോകുകയായിരുന്നു.

ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് നല്‍കിയ നോട്ടീസിനുള്ള മറുപടിയിലാണ് സിങ് കോടതിയോട് മാപ്പ് ചോദിച്ചത്.

കോടതിയെ അധിക്ഷേപിക്കുകയായിരുന്നില്ല തന്റെ ലക്ഷ്യമെന്നും കോടതിയോട് അങ്ങേയറ്റത്തെ ബഹുമാനമുണ്ടെന്നും വി.കെ സിങ് അറിയിച്ചു.

ചുരുക്കം ചില കേസുകളില്‍ വിമര്‍ശനങ്ങള്‍ ഏല്‍ക്കാറുണ്ടെങ്കിലും സുപ്രീം കോടതിയില്‍ തനിക്ക് വിശ്വാസമുണ്ട്.

തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്തു. കോടതിക്കെതിരെ താന്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ തെറ്റായിരുന്നു- സിങ് പറഞ്ഞു.

ഒക്ടോബര്‍ ഒന്നിനാണ് സുപ്രീം കോടതി സിങിന് നോട്ടീസ് അയച്ചത്.

2006ലാണ് വിവാദങ്ങളുടെ തുടക്കം. പ്രമോഷനുമായി ബന്ധപ്പെട്ട് സിംഗിന്റെ റെക്കോര്‍ഡ്‌സ് പരിശോധിച്ചപ്പോഴാണ് ജനനതീയ്യതിയിലെ വൈരുദ്ധ്യം ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്.

ആ സമയത്ത് പ്രമോഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കുന്ന മിലിറ്ററി സെക്രട്ടറിയില്‍ നിന്നും ഇക്കാര്യത്തില്‍ വിശദീകരണം തേടിയിരുന്നു.

1950 ആയിരുന്നു മിലിറ്ററി സെക്രട്ടറിയുടെ കൈവശമുണ്ടായിരുന്നു ജനനവര്‍ഷം. ഇതുതന്നെയാണ് പ്രതിരോധമന്ത്രാലയത്തിന്റെ പക്കലമുണ്ടായിരുന്നത്. ഈ തീയ്യതി പ്രകാരം 2012 മേയ് 31 ന് സിംഗ് വിരമിക്കണം.

എന്നാല്‍ മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രകാരം സിംഗിന്റെ  1951 മേയ് 10നാണ് സിംഗ് ജനിച്ചത്. ഇതാണ് തന്റെ ശരിയായ ജനനതീയതിയെന്ന് സിങ് വാദിക്കുകയായിരുന്നു.

Advertisement