കോഴിക്കോട്: കോഴിക്കോട് നടക്കുന്ന ജെന്റര്‍ ഫെസ്റ്റിവെലിന് മുന്നോടിയായി ജില്ലയിലെ വനിതാ മാധ്യമപ്രവര്‍ത്തകരുടെ സംഗമം നടന്നു. വനിതാമാധ്യമപ്രവര്‍ത്തകര്‍ക്ക് പൊതുവേദി രൂപീകരിക്കുന്നതിന്റെ ആദ്യപടിയായി രൂപംനല്‍കിയ അഡ്‌ഹോക്ക് കമ്മിറ്റിയുടെ കണ്‍വീനറായി ഡൂള്‍ന്യൂസ് കോപ്പി എഡിറ്റര്‍ നിരാഞ്ജലി വര്‍മ്മയെ തിരഞ്ഞെടുത്തു. തുടക്കമെന്നോണം എല്ലാമാസവും ആദ്യത്തെ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഗാന്ധി പാര്‍ക്കില്‍ ഒത്തുകൂടും.

ഇന്നലെ നടന്ന വനിതാമാധ്യമപ്രവര്‍ത്തകരുടെ സംഗമത്തില്‍ തൊഴിലിടങ്ങളില്‍ അനുഭവിക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകള്‍ ചര്‍ച്ച ചെയ്തു. രാത്രിയില്‍ ജോലികഴിഞ്ഞിറങ്ങുന്ന വനിതകളെ താമസസ്ഥലത്തെത്തിക്കുന്നില്ല, ജോലിക്കയറ്റത്തില്‍ വിവേചനം കാണിക്കുന്നു, സ്ഥാപനത്തില്‍ സ്ത്രീകള്‍ക്കു മാത്രമായി വിശ്രമമുറിയോ ടോയ്‌ലെറ്റോ ഇല്ല തുടങ്ങിയ പ്രശ്‌നങ്ങള്‍ സംഗമവേദിയില്‍ ചര്‍ച്ച ചെയ്തു.

Subscribe Us:

ദല്‍ഹിയിലെ വിമന്‍സ് ക്ലബ് മാതൃകയില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒത്തുകൂടാനും വിശ്രമിക്കാനും പഠനങ്ങളിലേര്‍പ്പെടാനും കോഴിക്കോട് വനിതാ പ്രസ് ക്ലബ് ആവശ്യമാണെന്ന് നിര്‍ദേശമുയര്‍ന്നു. എം. സുചിത്ര (ഡൗണ്‍ ടു എര്‍ത്ത്) ആമുഖ പ്രഭാഷണം നടത്തി. ജെന്റര്‍ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ അഡ്വ. നൂര്‍ബിന റഷീദ്, ഡോ. പി.ബി ലാല്‍കര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഖാദര്‍ പാലാഴി തുടങ്ങിയവര്‍ സംസാരിച്ചു. മാര്‍ച്ച് ഒന്നിന് മാധ്യമവിദ്യാര്‍ത്ഥികള്‍ക്കായി പ്രസ് ക്ലബില്‍ സെമിനാര്‍ നടത്താനും തീരുമാനിച്ചു.

Malayalam news

Kerala news in English