കോഴിക്കോട്: കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം പിടിക്കാനായി കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ പിന്തുണച്ച സി.പി.ഐ.എം തീരുമാനത്തോട് പ്രതികരണവുമായി യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്.

കെ.എം മാണിയെ പരസ്യമായി പിന്തുണച്ച ഇടതുപക്ഷത്തോടാണ് തനിക്ക് സഹതാപമെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. നാടകീയമായ രാഷ്ട്രീയ നീക്കങ്ങളിലൂടെയാണ് കേരള കോണ്‍ഗ്രസും സി.പി.ഐ.എമ്മും ചേര്‍ന്ന് ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചത്.


Don’t Miss: ‘എല്ലാത്തിനും പിന്നില്‍ സി.ഐ.എ’; കേരളത്തിലെ ഇടതു സര്‍ക്കാറിനെ തകര്‍ക്കാന്‍ അമേരിക്ക ശ്രമിക്കുന്നുവെന്ന് പിണറായി വിജയന്‍


കേരളത്തിലെ ഏറ്റവും വലിയ അഴിമതികളില്‍ ഒന്ന് നടത്തിയ നേതാവിന്റെ ‘ഉറപ്പ് ‘വിശ്വസിച്ച കോണ്‍ഗ്രസ്സിനോട് തനിക്ക് സഹതാപമില്ലെന്നും ആ കോഴനേതാവിനെ പരസ്യമായി പിന്തുണച്ച ഇടതുപക്ഷത്തോടാണ് തനിക്ക് സഹതാപമെന്നും ഗീവര്‍ഗീസ് കൂറിലോസ് പറഞ്ഞു.

വിനാശകാലേ വിപരീത ബുദ്ധി എന്ന് പറഞ്ഞാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. കേരള കോണ്‍ഗ്രസ് എമ്മിലെ സഖറിയാസ് കുതിരവേലി 12 വോട്ടുകള്‍ക്കാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

കേരളത്തിലെ ഏറ്റവും വലിയ അഴിമതികളില്‍ ഒന്ന് നടത്തിയ നേതാവിന്റെ ‘ഉറപ്പ് ‘വിശ്വസിച്ച കോണ്‍ഗ്രസ്സിനോട് എനിക്ക് സഹതാപമില്ല; എന്റെ സഹതാപം ആ കോഴനേതാവിനെ പരസ്യമായി പിന്തുണച്ച ഇടതുപക്ഷത്തോടാണ്.; വിനാശകാലേ വിപരീത ബുദ്ധി