എഡിറ്റര്‍
എഡിറ്റര്‍
‘ചില്ലറ’ ലാഭങ്ങള്‍ക്കായി സവര്‍ണ്ണ താല്‍പര്യങ്ങളുമായി സന്ധി ചെയ്താല്‍ നേതാക്കന്‍മാരൊപ്പം വിശ്വാസികള്‍ കാണില്ല; അമിത് ഷാ യുമായുള്ള കൂടിക്കാഴ്ചക്കെതിരെ ഗീവര്‍ഗീസ് കുറിലോസ്
എഡിറ്റര്‍
Monday 5th June 2017 9:56am


കോഴിക്കോട്: ബി.ജെ.പി നേതൃത്വവുമായുള്ള ക്രൈസ്തവ മത മേലദ്ധ്യക്ഷന്മാരുടെ ചര്‍ച്ചയ്‌ക്കെതിരെ വിമര്‍ശനവുമായി ഗീവര്‍ഗീസ് മാര്‍ കുറിലോസ്. കൂടിക്കാഴ്ചയ്ക്ക് മുമ്പ് ഗ്രഹാം സ്റ്റെയിന്‍സിന്റെ കൊലയ്ക്കും കണ്ടമാല്‍ ഉള്‍പ്പെടെയുള്ള ആസൂത്രിത ഹത്യകള്‍ക്കും ഇന്നും തുടരുന്ന ദളിത്, ആദിവാസി പീഡനങ്ങള്‍ക്കും ഇവര്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെടണമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.


Also read ‘നിങ്ങള്‍ നുണ പറയുകയാണ്’; മലപ്പുറത്ത് ഹിന്ദുക്കള്‍ക്ക് ഭൂമി വാങ്ങാന്‍ കഴിയില്ലെന്ന സംഘപരിവാരത്തിന്റെ നുണപ്രചരണം പൊളിച്ചടുക്കി നിരുപമ റാവു


ഇത്തരം നിലപാടുകള്‍ വച്ച് പുലര്‍ത്തുന്നവരുമായി അടിസ്ഥാന സമൂഹത്തിന് ഒരു കാലത്തും പൊരുത്തപ്പെടാന്‍ സാധിക്കുകയില്ലെന്ന് പറഞ്ഞ അദ്ദേഹം കേരളത്തിന്റെ സാഹചര്യത്തില്‍ പ്രത്യേകിച്ചെന്നും കൂട്ടിച്ചേര്‍ത്തു. കൂടിക്കാഴ്ചയ്ക്ക് മുമ്പ് ദളിത് ക്രൈസ്തവരുടെയും ദളിത് മുസ്‌ലിങ്ങളുടെയും സംവരണ നിഷേധത്തിനെതിരെ അവരെ കൊണ്ട് മറുപടി പറയിക്കണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

സംവരണ നിഷേധത്തിനെതിരെ മറുപടി പറയിക്കാണമായിരുന്നെന്നും ഭരണഘടനയുടെ അന്തസ്സത്തകള്‍ തിരുത്തുകയില്ല എന്ന് ഉറപ്പ് വാങ്ങണമായിരുന്നെന്നും പറഞ്ഞ അദ്ദേഹം ഇതെല്ലാം മറന്ന് ‘ചില്ലറ’ ലാഭങ്ങള്‍ക്കായി സവര്‍ണ്ണ താല്‍പര്യങ്ങളുമായി സന്ധി ചെയ്താല്‍ നേതാക്കന്‍മാരൊപ്പം വിശ്വാസികള്‍ കാണില്ലെന്നും കൂട്ടിച്ചേര്‍ത്തു.


Dont miss ‘അപ്പോള്‍ ഇതായിരുന്നല്ലേ ഡിജിറ്റല്‍ ഇന്ത്യ’; ഫോണിന് റേഞ്ചില്ലാത്തതിനാല്‍ മരത്തിനു മുകളില്‍ കയറി ഫോണ്‍വിളിച്ച് കേന്ദ്ര സഹമന്ത്രി; വീഡിയോ


‘അംബേദ്കറിനെയും അയ്യങ്കാളിയെയും ആലിംഗനം ചെയ്ത് ആ സാമൂഹിക നീതിയുടെ ധാരകളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമം തന്നെയാണ് ഇക്കൂട്ടര്‍ ഇപ്പോഴും തുടരുന്നത്. സവര്‍ണ്ണ ദേശീയ നേതാക്കളില്‍ നിന്നും ഇപ്പോള്‍ ലഭിക്കുന്ന ആശ്ലേഷം ധൃതരാഷ്ട്ര ആലിംഗനം ആണെന്ന് തിരിച്ചറിഞ്ഞാല്‍ എല്ലാവര്‍ക്കും നന്ന്.’ അദ്ദേഹം പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

‘സവര്‍ണ്ണ ഫാഷിസവും ജാതി മേധാവിത്വവും മനുവാദവും മതന്യൂനപക്ഷ / ദളിത് /ആദിവാസി / സ്ത്രീവിരുദ്ധതയും മുന്നോട്ടുവയ്ക്കുന്ന സാംസ്‌കാരിക ദേശീയതയുമായി മത ന്യൂനപക്ഷങ്ങള്‍ക്കും അടിസ്ഥാനസമൂഹങ്ങള്‍ക്കും ഒരു കാലത്തും പൊരുത്തപ്പെടുവാന്‍ സാധിക്കുകയില്ല, കേരളത്തില്‍ പ്രത്യേകിച്ചും.

ഇവരുമായി ചര്‍ച്ച ചെയ്യുന്നതിന് മുന്‍പ് ക്രൈസ്തവ മേലദ്ധ്യക്ഷന്മാര്‍ ഗ്രഹാം സ്റ്റെയിന്‍സിന്റെ കൊലയ്ക്കും കണ്ടമാല്‍ ഉള്‍പ്പെടെയുള്ള ആസൂത്രിത ഹത്യകള്‍ക്കും ഇന്നും തുടരുന്ന ദളിത്/ ആദിവാസി പീഡനങ്ങള്‍ക്കും ഇവര്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെടണമായിരുന്നു.

ദളിത് ക്രൈസ്തവരുടെയും ദളിത് മുസ്ലീങ്ങളുടെയും സംവരണ നിഷേധത്തിനെതിരെ അവരെ കൊണ്ട് മറുപടി പറയിക്കണമായിരുന്നു. ഭരണഘടനയുടെ അന്തസ്സത്തകള്‍ തിരുത്തുകയില്ല എന്ന് ഉറപ്പ് വാങ്ങണമായിരുന്നു. ഇതെല്ലാം മറന്ന് ‘ ചില്ലറ ‘ ലാഭങ്ങള്‍ക്കായി സവര്‍ണ്ണ താല്‍പര്യങ്ങളുമായി സന്ധി ചെയ്താല്‍ നേതാക്കന്‍മാരൊപ്പം വിശ്വാസികള്‍ കാണില്ല.

അംബേദ്കറിനെയും അയ്യങ്കാളിയെയും ആലിംഗനം ചെയ്ത് ആ സാമൂഹിക നീതിയുടെ ധാരകളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമം തന്നെയാണ് ഇക്കൂട്ടര്‍ ഇപ്പോഴും തുടരുന്നത്. സവര്‍ണ്ണ ദേശീയ നേതാക്കളില്‍ നിന്നും ഇപ്പോള്‍ ലഭിക്കുന്ന ആശ്ലേഷം ധൃതരാഷ്ട്ര ആലിംഗനം ആണെന്ന് തിരിച്ചറിഞ്ഞാല്‍ എല്ലാവര്‍ക്കും നന്ന്.’

Advertisement