ന്യൂദല്‍ഹി: വരുന്ന ഏതാനം വര്‍ഷങ്ങളില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 8.5% മുതല്‍ 9.5% വരെയാകുമെന്ന് റിപ്പോര്‍ട്ട്. ധനകാര്യ സേവന ദാതാക്കളായ മൂഡീസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യന്‍ സമ്പദ്ഘടനയെ വെല്ലുവിളിക്കുന്ന പ്രധാന പ്രതിബന്ധം പണപ്പെരുപ്പമാണെന്നും ആര്‍.ബി.ഐ അതിനെതിരെ ശക്തമായ നടപടികളെടുക്കണമെന്നും മൂഡീസ് പറഞ്ഞു. വിലക്കയറ്റം നിയന്ത്രിക്കുകയും സാമ്പത്തിക വികസനവും പണപ്പെരുപ്പവുമായുള്ള സംതുലനാവസ്ഥ നിലനിര്‍ത്തണമെന്നും മൂഡീസ് അഭിപ്രായപ്പെട്ടു.

‘ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ (ജി.ഡി.പി) വന്ന കുറവ് പ്രതീക്ഷിച്ചതുതന്നെയാണ്. 2011ല്‍ സമ്പദ്ഘടന നല്ല വളര്‍ച്ചാഗതിയാണ് കാണിക്കുന്നത്. അടുത്ത ഏതാനം വര്‍ഷങ്ങള്‍ക്കകം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 8.5 ശതമാനത്തിനും 9.5 ശതമാനത്തിനും ഇടയിലായിരിക്കുമെന്നാണ് ഈ സ്ഥിതി സൂചിപ്പിക്കുന്നത്.’മൂഡീസ് അതിന്റെ രേഖയില്‍ വ്യക്തമാക്കി.

പുതിയ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ ജി.ഡി.പി. 7.8 ശതമാനമായിരുന്നു. വ്യാവസായിക മേഖലയിലെ മോശം പ്രകടനമായിരുന്നു ഇതിനു കാരണമെന്നും വിലയിരുത്തപ്പെടുന്നു.