ന്യൂദല്‍ഹി: രാജ്യത്തിന്റെ അഭ്യന്തര മൊത്ത ഉല്‍പ്പാദനത്തില്‍ കുറവ്. കണക്കുകളനുസരിച്ച് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 7.7 ശതമാനമാണ് അഭ്യന്തര മൊത്ത ഉല്‍പ്പാദനം. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 8.8 ശതമാനമായിരുന്നു അഭ്യന്തര മൊത്ത ഉള്‍പ്പാദന നിരക്ക്.

കഴിഞ്ഞ 18 മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. നിര്‍മ്മാണ ഖനന മേഖലകളിലെ ഇടിവാണ് അഭ്യന്തര മൊത്ത ഉല്‍പ്പാദനത്തില്‍ കുറവുണ്ടാവാന്‍ പ്രധാന കാരണം. നിര്‍മ്മാണ മേഖലയിലെ വളര്‍ച്ച 7.2 ശതമാനം മാത്രമാണ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ നിരക്ക് 10.6 ശതമാനമായുരുന്നു. 3.4 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

ഖനന മേഖലയിലെ വളര്‍ച്ച 1.8 ശതമാനം മാത്രമാണ്. കഴിഞ്ഞ വര്‍ഷമിത് 7.4 ശതമാനമാണ്. വളര്‍ച്ചാ മുരടിപ്പ് നിരാശാജനകമാണെന്നു ധനമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. രാജ്യത്തെ വളര്‍ച്ചയുടെ ട്രാക്കിലേക്കു തിരികെ കൊണ്ടുവരാന്‍ സര്‍ക്കാരും വ്യവസായ ലോകവും ഒരുമിച്ചു പ്രയത്‌നിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഒന്നാം പകുതിയെ അപേക്ഷിച്ച് രണ്ടാം പകുതിയില്‍ വളര്‍ച്ചാ നിരക്കില്‍ കാര്യമായ പുരോഗതി കൈവരിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു പ്രധാനമന്ത്രിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൗശിക് ബസു പറഞ്ഞു.