ന്യൂദല്‍ഹി: നോട്ടുനിരോധനവും ജി.എസ്.ടിയും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്കിനെ കാര്യമായി ബാധിച്ചെന്ന് എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ചീഫ് എക്കണോമിസ്റ്റ് അഭീക് ബറുവ. മികച്ച സാമ്പത്തിക വളര്‍ച്ചാനിരക്ക് കൈവരിക്കുമെന്ന ലോകബാങ്ക് പ്രവചനത്തെ തകിടം മറിക്കുന്നതാണ് ഇന്ത്യയുടെ നിലവിലെ ജി.ഡി.പി നിരക്ക്.

ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 6.6 ശതമാനം ആകുമെന്ന് പ്രതീക്ഷിച്ച ജിഡിപി 5.7 ശതമാനത്തിലാണിപ്പോഴുള്ളത്. മാര്‍ച്ച് പാദത്തില്‍ 6.1 ശതമാനം ജിഡിപിയാണ് ഉണ്ടായിരുന്നത്.


Also Read: ‘നിങ്ങളാണ് എന്നും ഞങ്ങളുടെ നായകന്‍’; 300 ാം മത്സരത്തിനിറങ്ങിയ ധോണിയ്ക്ക് കോഹ്‌ലിയും സംഘവും നല്‍കിയ സമ്മാനം


നിര്‍മ്മാണമേഖലയിലെ ഇടിവാണ് ജി.ഡി.പിയെ ബാധിച്ചതെന്ന് മുതിര്‍ന്ന സാമ്പത്തിക വിദഗ്ദ്ധന്‍ ടി.സി.എ ആനന്ദ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം നിര്‍മ്മാണ മേഖലയില്‍ 10.7 ശതമാനം വളര്‍ച്ചാനിരക്കുണ്ടായിരുന്നു. ഇത്തവണ 1.2 ശതമാനം മാത്രമാണ് ജി.ഡി.പി റേറ്റ്.

ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് കൂടുമെന്നും ചൈനയുടെത് കുറയുമെന്നുമായിരുന്നു ലോകബാങ്കിന്റെ പ്രവചനം. എന്നാല്‍ ഇതിന് വിപരീതമായാണ് സംഭവിക്കുന്നതെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായം. നോട്ടുനിരോധനത്തിന്റെ ആഘാതം തീരുന്നതിനുമുന്‍പെ ജി.എസ്.ടി പ്രാബല്യത്തില്‍ വന്നതും സ്റ്റോക്ക് ഇല്ലാതാക്കാന്‍ നടത്തിയ നീക്കങ്ങളുമാണ് വളര്‍ച്ചാ നിരക്കിനെ ഗുരുതരമായി ബാധിച്ചതെന്നാണ് വിലയിരുത്തല്‍.