Categories

ഗാസ ആക്രമണം: ഇസ്രായേലിനു പിഴ

യുനൈറ്റഡ് നാഷന്‍സ്: കഴിഞ്ഞ വര്‍ഷത്തെ ഗാസ ആക്രമണത്തില്‍ യു എന്‍ സ്ഥാപനങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ക്ക് ഇസ്രായേലിനു മേല്‍ പിഴ ചുമത്തി. ഒരു കോടി യു എസ് ഡോളറാണു യു എന്‍ പിഴയിട്ടത്. ഒരുമാസത്തോളം നീണ്ട ഇസ്രായേല്‍ അതിക്രമങ്ങളില്‍ യു എന്‍ ദുരിതാശ്വാസ ഏജന്‍സിയുടെ അമ്പതിലേറെ സ്ഥാപനങ്ങള്‍ തകര്‍ക്കപ്പെടുകയും പത്തിലേറെ പ്രവര്‍ത്തകര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനുള്ള നഷ്ടപരിഹാരമെന്ന നിലയിലാണ് പിഴയിട്ടതെന്ന്്് യ .എന്‍ വക്താവ് മാര്‍ട്ടിന്‍ നെസിര്‍കി അറിയിച്ചു. യു എന്നിന് 10.5 ദശലക്ഷം ഡോളര്‍ പിഴയൊടുക്കിയതായി ഐക്യരാഷ്ട്രസഭയിലെ മുതിര്‍ന്ന ഇസ്രായേല്‍ വക്താവ് സമ്മതിച്ചു.

യു.എന്നിനു കീഴിലുള്ള 37 സ്‌കൂളുകള്‍, ആറ് ആരോഗ്യകേന്ദ്രങ്ങള്‍, രണ്ടു ധാന്യപ്പുരകള്‍ എന്നിവ ഗസാ അധിനിവേശവേളയില്‍ ഇസ്രായേല്‍ തകര്‍ത്തിരുന്നു. ജനുവരി 15ന് ഗാസയിലെ യു.എന്‍ കെട്ടിടം ബോംബിട്ടുതകര്‍ത്ത് അവശ്യ ഭക്ഷ്യധാന്യങ്ങളും ചികില്‍സാ സാമഗ്രികളും നശിപ്പിച്ചതായിരുന്നു ഇവയില്‍ ഏറ്റവും വലുത്. അന്താരാഷ്ട്ര മര്യാദകള്‍ ലംഘിച്ച് വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചതിലൂടെ യു.എന്‍ ഉദ്യോഗസ്ഥര്‍ക്കു മാരകമാംവിധം പൊള്ളലേറ്റിരുന്നു. ഇവക്കെല്ലാം പിന്നില്‍ ഇസ്രായേല്‍ സേനയാണെന്നും അന്വേഷണത്തില്‍ വ്യക്തമായി.

ഇസ്രായേലിനെതിരേ ആക്രമണം നടത്താന്‍ യു.എന്‍ സ്ഥാപനത്തെ ഹമാസ് മറയായി ഉപയോഗിക്കുന്നുവെന്ന ന്യായം പറഞ്ഞായിരുന്നു ബോംബ് വര്‍ഷം. എന്നാല്‍, ഇസ്രായേല്‍ അധികൃതര്‍ പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു.

പാടെ തകര്‍ന്ന ഏഴു കെട്ടിടങ്ങള്‍ക്കു മാത്രം 11.2 ദശലക്ഷം ഡോളര്‍ യു.എന്‍ പിഴയിട്ടിരുന്നുവെങ്കിലും ഏഴരലക്ഷം കുറച്ച് 10.5 ദശലക്ഷമായി അതു നിജപ്പെടുത്തുകയായിരുന്നുവെന്ന് മാര്‍ട്ടിന്‍ നെസിര്‍കി അറിയിച്ചു. ഇസ്രായേല്‍ ഗാസക്കെതിരേ നടത്തിയ ഏകപക്ഷീയ ആക്രമണത്തില്‍ 1500 ഗാസാ നിവാസികള്‍ കൊല്ലപ്പെടുകയും ആശുപത്രികളും സ്‌കൂളുകളും വീടുകളുമടക്കം നിരവധി കെട്ടിടങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്തിരുന്നു. ഗാസാ അധിനിവേശത്തെ തുടര്‍ന്നു ജസ്റ്റിസ് റിച്ചാഡ് ഗ്ലാഡ്‌സ്റ്റോണ്‍ തലവനായ വസ്തുതാന്വേഷണസംഘം നടത്തിയ പഠനത്തിലാണ് വ്യാപകമായി മനുഷ്യാവകാശലംഘനങ്ങളും യുദ്ധക്കുറ്റങ്ങളും ഇസ്രായേല്‍ നടത്തിയത്്് വ്യക്തമാകുന്നത്. ഗ്ലാഡ്‌സ്‌റ്റോണ്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇസ്രായേലില്‍ നിന്ന് ഈടാക്കേണ്ട പിഴ എത്രയെന്നു യു.എന്‍ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചത്. ഇസ്രായേലില്‍ നിന്ന് ഈടാക്കിയ പിഴസംഖ്യ ഉപയോഗിച്ച് ബോംബിങില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ ഉടന്‍ പുനര്‍നിര്‍മിക്കുമെന്നും അതിന് ഇസ്രായേല്‍ തുടരുന്ന ഗാസാ ഉപരോധം പിന്‍വലിക്കണമെന്നും യു.എന്‍ വക്താവ് പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.