ദുബായ്: ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കറിനെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഹാള്‍ ഓഫ് ഫെയിം ആയി തിരഞ്ഞെടുത്തു. ചാനല്‍ 2 ഗ്രൂപ്പിന്റെ ഡയരക്ടര്‍ അജയ് സേതിന്റെ ദുബായിലെ വസതിയില്‍ നടന്ന ചടങ്ങില്‍ കപില്‍ ദേവാണ് ഹാള്‍ ഓഫ് ഫെയിം ക്യാപ് ഗവാസ്‌കറിന് സമ്മാനിച്ചത്.

ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളെ ആദരിക്കുന്ന ചടങ്ങാണ് ഇത്. 2008 ല്‍ ഐ.സി.സി നൂറാം വാര്‍ഷികം ആഘോഷിച്ച വേളയിലാണ് ഫെഡറേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷനുമായി ചേര്‍ന്ന് ഹാള്‍ ഓഫ് ഫെയിമിന് തുടക്കമിട്ടത്.

Subscribe Us:

തന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച താരം ഗവാസ്‌കറാണെന്നും ഇന്ത്യയുടെ എക്കാലത്തേയും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് അദ്ദേഹമെന്നും കപില്‍ ദേവ് വ്യക്തമാക്കി. ഗവാസ്കറിന്റെ ഇന്ത്യന്‍ ടീമിലെ അരങ്ങേറ്റം തന്നെ വിസ്മയകരമായിരുന്നു. വിന്‍ഡീസിനെതിരെ നടന്ന മത്സരത്തില്‍ 774 റണ്‍സടിച്ച് എല്ലാവരെയും ഞെട്ടിപ്പിച്ചുകൊണ്ടാണ് ഗവാസ്‌കര്‍ കരിയര്‍ ആരംഭിച്ചത്.

ഇംഗ്ലണ്ടില്‍ ഇന്ത്യയുടെ ആദ്യ പരമ്പര വിജയവും ഗവാസ്‌കറിന്റെ നേതൃത്വത്തിലായിരുന്നു. ഇന്ത്യന്‍ ടീമിന് എക്കാലവും അഭിമാനിക്കാവുന്ന പ്രകടനമാണ് ഗവാസ്‌കര്‍ എന്നും പുറത്തെടുത്തിട്ടുള്ളത്. ഇന്ത്യന്‍ ടീമിനെ ലോകത്തിലെ തന്നെ ഒന്നാം നമ്പര്‍ ടീമാക്കി ഉയര്‍ത്താന്‍ ഗവാസ്‌കര്‍ വഹിച്ച പങ്ക് വളരെ വലുതാണ്.

ടെസ്റ്റ് മത്സരങ്ങളില്‍ പതിനായിരം റണ്‍സ് തികയ്ക്കുന്ന ആദ്യ താരം സുനില്‍ ഗവാസ്‌കറാണ്. പതിനാറ് വര്‍ഷം അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നിറ സാനിധ്യമായിരുന്നു. ഇന്ത്യയ്ക്കുവേണ്ടി 125 ടെസ്റ്റുകളും 108 ഏകദിനങ്ങളും അദ്ദേഹം കളിച്ചു.
Malayalam News

Kerala News In English