എഡിറ്റര്‍
എഡിറ്റര്‍
മുഖ്യമന്ത്രിയാവാന്‍ സി.പി.ഐ.എം ക്ഷണിച്ചിട്ടില്ല: പ്രസ്താവന തിരുത്തി ഗൗരിയമ്മ
എഡിറ്റര്‍
Saturday 11th January 2014 12:07pm

gauriyamma-org

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ സി.പി.ഐ.എം തന്നെ ക്ഷണിച്ചിട്ടില്ലെന്ന് ജെ.എസ്.എസ് നേതാവ് കെ.ആര്‍ ##ഗൗരിയമ്മ. ഇത്തരത്തിലുള്ള ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും എല്ലാം മാധ്യമ സൃഷ്ടിയാണെന്നും ഗൗരിയമ്മ പറഞ്ഞു.

യു.ഡി.എഫ് വിടുന്ന കാര്യമാണ് പാര്‍ട്ടി ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. സി.പി.ഐ.എം തന്നെ ക്ഷണിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയാക്കാമെന്ന് വാഗ്ദാനം ചെയ്തില്ല. 2011 അസംബ്ലി തിരഞ്ഞെടുപ്പിനിടെയായിരുന്നു ചര്‍ച്ച.

യു.ഡി.എഫ് വിട്ടാലും സ്വതന്ത്രമായി പ്രവര്‍ത്തിക്കും. സി.പി.ഐ.എമ്മില്‍ ചേരുന്നതിനെ കുറിച്ച് തീരുമാനിച്ചിട്ടില്ല. കേരളത്തില്‍ നിര്‍ണായക ശക്തിയാകാന്‍ ജെ.എസ്.എസിന് കഴിയുമെന്നും ഗൗരിയമ്മ പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ സി.പി.ഐ.എം തന്നെ ക്ഷണിച്ചുവെന്നായിരുന്നു നേരത്തെ ഗൗരിയമ്മ പറഞ്ഞിരുന്നത്. ഗൗരിയമ്മയുടെ ഈ വാദത്തിനെതിരെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്തെത്തുകയും ചെയ്തു.

പാര്‍ട്ടി പുറത്താക്കിയയാളെ മുഖ്യമന്ത്രിയാക്കേണ്ട ഗതികേട് സി.പി.ഐ.എമ്മിനില്ലെന്ന് പിണറായി വിജയന്‍ തുറന്നടിച്ചിരുന്നു. ഗൗരിയമ്മയ്ക്കുള്ള മറുപടി തോമസ് ഐസക് നല്‍കിയതാണെന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ ഇടതുപക്ഷം തന്നെ ക്ഷണിച്ചിരുന്നുവെന്നും സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയംഗം ടി.തോമസ് ഐസക്കുമായാണ് ഇതുസംബന്ധിച്ച ചര്‍ച്ച നടത്തിയതെന്നുമായിരുന്നു ഗൗരിയമ്മയുടെ അവകാശവാദം.

ജെ.എസ്.എസ് തിരുവനന്തപുരം സമ്മേളനത്തിലാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തനിക്ക് സി.പി.ഐ.എമ്മില്‍ മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്ത കാര്യം ഗൗരിയമ്മ വെളിപ്പെടുത്തിയത്.

അതേസമയം, മുഖ്യമന്ത്രിയാകാന്‍ ക്ഷണിച്ചുവെന്ന ഗൗരിയമ്മയുടെ പരാമര്‍ശം വിസ്മയകരമെന്നായിരുന്നു തോമസ് ഐസക്കിന്റെ പ്രതികരണം.

Advertisement